പ്രേതബാധ ഒഴിപ്പിക്കാനെത്തി, നാലുപവനുമായി മുങ്ങിയ പ്രതി അറസ്റ്റില്‍

October 8, 2021
135
Views

കോട്ടയം: ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന അധ്യാപികയുടെ നാലുപവന്റെ സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. കട്ടപ്പന ചെമ്ബകപ്പാറ മുണ്ടത്താനത്ത് ജോയിസ് ജോസഫിനെ (29) യാണ് കോട്ടയം ഡിവൈ.എസ്.പി. ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.അധ്യാപിക പ്രേതാനുഭവങ്ങള്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ദുര്‍മന്ത്രവാദിയുമായി പരിചയപ്പെടുന്നത്.പാരാ സൈക്കോളജിയില്‍ റിസര്‍ച്ച്‌ ഫെല്ലോ ആണെന്ന് ഇയാള്‍ പറഞ്ഞിരുന്നത്.തുടര്‍ച്ചയായി ദുസ്വപ്നങ്ങള്‍ കാണാറുള്ള അധ്യാപിക ഇയാളുടെ വലയില്‍ വീഴുകയായിരുന്നു.

തുടര്‍ന്ന് പ്രേതബാധ ഒഴിപ്പിക്കുന്നതിന് ഇയാള്‍ രണ്ടുതവണ അധ്യാപികയുടെ വീട്ടിലെത്തി. തുടര്‍ന്ന് ബാധ ആവാഹിക്കാനെന്നുപറഞ്ഞ് ഇയാള്‍ത്തന്നെ കൊണ്ടുവന്ന മഞ്ചാടിക്കുരുവും രുദ്രാക്ഷവും കവടിയുമിട്ട ഒരു ഡപ്പിയില്‍ അധ്യാപിക ധരിച്ചിരുന്ന നാലുപവന്റെ മാല വെയ്ക്കാന്‍ ആവശ്യപ്പെട്ടു. നാലുദിവസംകൊണ്ട് പ്രേതം മാലയിലേയ്ക്ക് ആവാഹിക്കപ്പെടുമെന്നും അതിനുശേഷം മാല തിരിച്ചെടുക്കാമെന്നും ഇയാള്‍ അധ്യാപികയെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.

നാലുദിവസംകഴിഞ്ഞ്ഡപ്പി തുറക്കട്ടേയെന്ന് അധ്യാപിക ഇയാളോട് ചോദിച്ചു. ഗുരുവും മഹാമാന്ത്രികനുമായ പുരോഹിതനെകണ്ട് ചോദിച്ചിട്ട് ആകാമെന്ന് ഇയാള്‍ അറിയിച്ചു. സംശയംതോന്നിയ വീട്ടമ്മ ഡപ്പി തുറന്നുനോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന്, കോട്ടയം ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കുകയായിരുന്നു.

അതേസമയം, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇങ്ങനെ നിരവധി സ്ത്രീകളെ പറ്റിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പലരും മാനഹാനി ഭയന്ന് പരാതി നല്‍കിയിട്ടില്ല. ഡേവിഡ്‌ ജോണ്‍ എന്ന വ്യാജ ഫെയ്‌സ്ബുക്ക്‌ പ്രൊഫൈലിലൂടെയാണ് ഇയാള്‍ ആളുകളെ ആകര്‍ഷിച്ചിരുന്നത്.

തര്‍ക്കങ്ങളില്‍ ഇടപെട്ട് ഭീഷണിപ്പെടുത്തിയും പ്രതി പലരില്‍നിന്നും പണംതട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തൃശ്ശൂര്‍ സ്വദേശിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു.

ജില്ലാ പോലിസ് മേധാവി ഡി. ശില്പയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് എ.എസ്.ഐ. കെ.ആര്‍. അരുണ്‍കുമാര്‍, പി.ബി. ഉദയകുമാര്‍, സി.പി.ഒ.മാരായ കെ.എന്‍. രാധാകൃഷ്ണന്‍, പി.എം. നിസാര്‍ എന്നിവരടങ്ങുന്ന സംഘമാണ് കട്ടപ്പനയില്‍നിന്നും പ്രതിയെ പിടികൂടിയത്

. ഗാന്ധിനഗര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ. ഷിജിയുടെ നേതൃത്വത്തിലാണ് അന്വേണം. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡുചെയ്തു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *