സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെതിരേ ചുമത്തിയ കൊഫെപോസ ഹൈക്കോടതി റദ്ദാക്കി

October 8, 2021
147
Views

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെതിരേ ചുമത്തിയ കോഫെപോസ വകുപ്പ് ഹൈക്കോടതി റദ്ദാക്കി. കള്ളക്കടത്ത് നിരോധന നിയമമായ കൊഫെപോസ ചുമത്താന്‍ മതിയായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടി. കേസിലെ കൂട്ടുപ്രതി സരിത്തിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി ശരിവച്ചു. എന്‍ഐഎ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്‌ന സുരേഷിന് ജയില്‍ മോചിതയാകാനാവില്ല. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ തുടര്‍ച്ചയായി ഇടപെട്ടെന്നും ഇനിയും കള്ളക്കടത്തില്‍ ഏര്‍പ്പെട്ടേക്കമെന്നുമുള്ള കസ്റ്റംസ് ശുപാര്‍ശയിലായിരുന്നു സ്വപ്‌ന സുരേഷിനെ കൊഫെപോസ ബോര്‍ഡ് ഒരുവര്‍ഷത്തെ കരുതല്‍ തടങ്കലിന് ശിക്ഷിച്ചത്.

സ്വപ്‌ന സുരേഷിന് പുറമെ സന്ദീപ് നായര്‍, സരിത് അടക്കമുള്ള കൂട്ടുപ്രതികളെയും തടങ്കലിലാക്കി. അതേസമയം, കേസിലെ കൂട്ടുപ്രതി സരിത്തിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി അംഗീകരിച്ചു. എന്നാല്‍, കൊഫെപോസ ചുമത്തിയത് നിയമവിരുദ്ധമായെന്ന് ചൂണ്ടിക്കാട്ടി സ്വപ്‌ന സുരേഷിന്റെ അമ്മ കുമാരി പ്രഭ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൊഫെപോസ ചുമത്താന്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ക്ക് അനുബന്ധ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ലെന്നായിരുന്നു പ്രധാന വാദം.

തുടര്‍ച്ചയായി സ്വര്‍ണക്കടത്ത് നടത്തിയെന്നത് മൊഴികള്‍ മാത്രമാണെന്നും എതിര്‍ഭാഗം വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്ബ്യാര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് തടങ്കല്‍ റദ്ദാക്കിയത്. നിലവില്‍ കോഫെപോസ പ്രകാരം തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്‌ന കഴിയുന്നത്. കേസില്‍ യുഎപിഎ ചോദ്യം ചെയ്ത് സ്വപ്‌ന നല്‍കിയ ഹരജി ഹൈക്കോടതി ഈമാസം 22ന് പരിഗണിക്കുന്നുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *