ലഖ്നൗ: ലഖിംപുറിൽ കർഷകരെ വാഹനം ഇടിച്ചുകയറ്റികൊന്ന കേസിൽ ആരോപണ വിധേയനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ഉത്തർ പ്രദേശ് പോലീസിനു മുന്നിൽ ഹാജരായി.
ലഖിംപുറിലെ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ആശിഷ് ചോദ്യം ചെയ്യലിന് ഹാജരായത്. ലഖിംപുർ സംഘർഷവുമായി ബന്ധപ്പെട്ട് കൊലപാതകം, കലാപമുണ്ടാക്കൽ തുടങ്ങി എട്ടു വകുപ്പുകൾ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ശനിയാഴ്ച രാവിലെ 10.40-ഓടെയാണ് ആശിഷ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച പുതിയ സമൻസ് പോലീസ് ആശിഷിന് നൽകിയിരുന്നു.
ഒക്ടോബർ മൂന്നിനാണ് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപുർ സംഘർഷം നടന്നത്. മന്ത്രി അജയ് മിശ്രയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച കർഷകർക്കു നേരെ ആശിഷ് മിശ്ര സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ഇതിൽ നാല് കർഷകർ കൊല്ലപ്പെട്ടു. തുടർന്നുണ്ടായ സംഘർഷത്തിൽ മറ്റു നാലുപേരും മരിച്ചു. അതേസമയം, സംഭവസ്ഥലത്ത് താനോ ആശിഷോ ഉണ്ടായിരുന്നില്ലെന്നാണ് അജയ് മിശ്രയുടെ വാദം.