ലഖിംപൂരില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി. കേസിലെ മുഖ്യപ്രതിയായ ഇയാള്‍ ക്രൈംബാഞ്ച് ഓഫീസിലെത്തി. ആശിഷ് മിശ്രയ്ക്കെതിരെ കൊലപാതകമടക്കം എട്ട് കുറ്റങ്ങളാണ് ഉള്ളത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്കാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയത്.
നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നു. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.അതേസമയം, കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് സംയുക്ത കിസാന്‍ മോര്‍ച്ച. ഒക്ടോബര്‍ 12 ന് ലഖിംപൂരില്‍ പ്രതിഷേധ പരിപാടികളും ഒക്ടോബര്‍ 18 ന് രാജ്യവ്യാപകമായി റെയില്‍ ഉപരോധവും നടത്താനാണ് തീരുമാനം.