കൊച്ചി : നവരാത്രി ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ക്ക് പ്രത്യേക ഡ്രസ് കോഡ് നിര്‍ദേശിച്ച് സര്‍ക്കുലര്‍. മുംബൈയില്‍ നിന്നും യൂണിയന് ബാങ്ക് ജനറല്‍ മാനേജരാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. നവരാത്രിക്ക് ഓരോ ദിവസവും ബാങ്കില്‍ നിശ്ചിത നിറത്തിലുള്ള വസ്ത്രം ധരിക്കണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നത്.
ഒമ്ബതു ദിവസവും ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറം ഉള്‍പ്പെടെ രേഖപ്പെടുത്തിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. നിര്‍ദേശം ലംഘിച്ചാല്‍ ദിവസം 200 രൂപ പിഴ ഈടാക്കും. എല്ലാ ദിവസവും നിശ്ചിത കളറിലുള്ള വസ്ത്രം ധരിച്ച് ജീവനക്കാര്‍ ഗ്രൂപ്പ് ഫോട്ടോ എടുത്ത് അയക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഇതാദ്യമായിട്ടാണ് ഒരു ബാങ്ക് ഏതെങ്കിലും ആഘോഷവേളയില്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് നിര്‍ദേശിക്കുന്നത്.
സര്‍ക്കുലര്‍ പ്രകാരം നവരാത്രി ഒന്നാം ദിനത്തില്‍ മഞ്ഞ, രണ്ടാം ദിനത്തില്‍ പച്ച, മൂന്നാം ദിനം ഗ്രേ, നാലാം ദിനം ഓറഞ്ച്, അഞ്ചാം ദിനം വെള്ള, ആറാം ദിനം ചുവപ്പ്, ഏഴാം ദിനം റോയല്‍ ബ്ലൂ, എട്ടാം ദിനം പിങ്ക്, ഒമ്ബതാം ദിനം പര്‍പ്പിള്‍ കളറുകളിലുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. അതേസമയം, ജനറല്‍ മാനേജറുടെ സര്‍ക്കുലറിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടന രംഗത്തെത്തി. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.