ഇരിട്ടി: കര്‍ണാടക വനമേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഉളിക്കല്‍ പഞ്ചായത്തിലെ വിവിധ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. വട്ടിയാംതോട്, മണിക്കടവ്, നുച്യാട്, വയത്തൂര് പുഴകളിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. വയത്തൂര്, വട്ടിയാംതോട് പാലങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
മണിക്കടവ്, കാഞ്ഞിരക്കൊല്ലി മേഖലയോട് ചേര്‍ന്നുകിടക്കുന്ന വന മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്കി. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, ഉളിക്കല്‍ പൊലീസ് എന്നിവര്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.