വിതുര: വൈദ്യശാലയുടെ മറവിൽ കഞ്ചാവുവില്പനയെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസിനു കിട്ടിയത് ആയുധങ്ങളും വന്യമൃഗങ്ങളുടെ കൊമ്പുകളും ശരീരഭാഗങ്ങളും. ചാരായവും വാറ്റുപകരണങ്ങളും മുപ്പതു വെടിയുണ്ടയും പിടികൂടിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വിതുര കല്ലുവെട്ടാൻകുഴിയിലെ അഗസ്ത്യ എന്ന വൈദ്യശാലയുടെ ഉടമസ്ഥൻ വിതുര പൊന്നാംചുണ്ട് സുരേഷ് ഭവനിൽ വിക്രമൻ(69), സഹായി കല്ലുവെട്ടാൻകുഴി ഫിറോസ് മൻസിലിൽ വാടകയ്ക്കു താമസിക്കുന്ന സഞ്ജു(45) എന്നിവരെ അറസ്റ്റുചെയ്തു. 40 വർഷമായി വീട്ടിൽ വൈദ്യശാല നടത്തുകയാണ് വിക്രമൻ.
ഒരു മാസം മുൻപ് ഇയാൾ കൊപ്പം കല്ലുവെട്ടാൻകുഴിയിൽ വൈദ്യശാല തുറന്നു. അവിടെനിന്നു കൊടുക്കുന്ന അരിഷ്ടത്തിലും ലേഹ്യങ്ങളിലും കഞ്ചാവിന്റെ അംശമുണ്ടെന്ന് പോലീസ് മേധാവി പി.കെ.മധുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വൈദ്യശാലയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുതൈലം ഉൾപ്പെടെ കണ്ടെത്തി. തുടർന്ന് വിക്രമന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ അരക്കിലോ കഞ്ചാവ്, കഷണങ്ങളാക്കിയ ആനക്കൊമ്പ്, കാട്ടുപോത്ത്, മ്ലാവ്, മാൻ എന്നിവയുടെ കൊമ്പ്, കാട്ടുപന്നിയുടെ പല്ല്, മുള്ളൻപന്നിയുടെ മുള്ള്, കുറുക്കൻ, പന്നി, മലയണ്ണാൻ, മയിൽ തുടങ്ങിയവയുടെ മാംസം, മയിൽപ്പീലി എന്നിവ കണ്ടെടുത്തു.
ഇയാളുടെ സഹായി സഞ്ജുവിന്റെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും പിടിച്ചെടുത്തു. പോലീസെത്തുമ്പോൾ സഞ്ജു വ്യാജവാറ്റിലേർപ്പെട്ടിരിക്കുകയായിരുന്നു. ഇവിടെനിന്ന് മുപ്പതോളം വെടിയുണ്ടകളും ലഭിച്ചിട്ടുണ്ട്.
നെടുമങ്ങാട് എ.എസ്.പി. രാജ് പ്രസാദ്, വിതുര സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ. എസ്.എൽ.സുധീഷ്, എ.എസ്.ഐ.മാരായ ഇർഷാദ്, സജു, സജികുമാർ, എസ്.സി.പി.ഒ. പ്രദീപ്, രജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ പതിനഞ്ചംഗം പോലീസ് സംഘം മൂന്നു ടീമുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. വന്യജീവികളുടെ ശരീരഭാഗങ്ങളും ആയുധങ്ങളും വനംവകുപ്പിനു കൈമാറിയതായി പോലീസ് അറിയിച്ചു.