കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശം. മലപ്പുറം കരിപ്പൂരിൽ വീട് തകർന്ന് രണ്ട് കുട്ടികളും കൊല്ലത്ത് തോട്ടിൽവീണ് വയോധികനും മരിച്ചു. ലിയാന ഫാത്തിമ (എട്ട്), ലുബാന (ഏഴ് മാസം), ഗോവിന്ദരാജ് (65) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ഉൾപ്പെടെ വെള്ളം കയറിയും മണ്ണിടിഞ്ഞും മരംവീണും പലയിടത്തും രൂക്ഷമായ ഗതാഗത തടസമുണ്ടായി.
പല നദികളും കരകവിഞ്ഞൊഴുകുകയാണ്. കൊല്ലത്ത് മലയോര മേഖലയിൽ മഴക്കടുതി രൂക്ഷമാണ്. തൃശൂരിലും പാലക്കാട്ടും കനത്ത മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് മരവും കല്ലുംവീണ് ഗതാഗതം തടസപ്പെട്ടു. കുന്തിപ്പുഴ അടക്കമുള്ളവയിൽ ജലനിരപ്പ് ഉയർന്നു. പുല്ലൂരിൽ നിരവധി വീടുകൾ തകർന്നു. ചാലക്കുടിയിൽ ഏഴ് പഞ്ചായത്തുകളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചു.
പുനലൂരിൽ 25ഓളം വീടുകളിൽ വെള്ളം കയറി. ആലപ്പുഴയിലും താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് വലിയതോതിൽ ഉയരുകയാണ്. മലബാർ മേഖലയിൽ കഴിഞ്ഞ ദിവസം മുതൽ പെയ്യുന്ന മഴ നിർത്താതെ തുടരുകയാണ്. മാവൂരിലും ചാത്തമംഗലത്തും മണ്ണിടിച്ചിലുണ്ടായി. കോഴിക്കോട് നഗരത്തിലും വലിയ വെള്ളക്കെട്ടാണ്.
ഒക്ടോബർ 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച്ച ആറു ജില്ലകളിൽ ഓറഞ്ച് അലെർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലെർട്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലെർട്ടുമാണ്.