മാപ്പിളപ്പാട്ട് ഇതിഹാസം വി എം കുട്ടി അന്തരിച്ചു

October 13, 2021
133
Views

കോഴിക്കോട് ; മാപ്പിളപ്പാട്ട് ഇതിഹാസം വി എം കുട്ടി (83) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട് രംഗത്ത് ആറ് പതിറ്റാണ്ടിലേറെയായി നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹം നിരവധി സിനിമകള്‍ക്കും ഗാനങ്ങളും പാടിയിട്ടുണ്ട്. മാപ്പിളപ്പാട്ട് രംഗത്ത് വലിയ പരീക്ഷണങ്ങള്‍ നടത്തിയ അദ്ദേഹത്തന് സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ഉണ്ണീന്‍ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്ക് സമീപമുള്ള പുളിക്കലില്‍ 1935ലാണ് ജനനം. മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന് ശേഷം 1957 ല്‍ കൊളത്തൂരിലെ എ എം എല്‍ പി സ്‌കൂളില്‍ പ്രധാനധ്യാപകനായി ചേര്‍ന്നു. 1985ല്‍ അധ്യാപനരംഗത്തു നിന്ന് വിരമിച്ചു. ചെറുപ്പത്തിലേ ചിത്രരചന,അഭിനയം, ഗാനാലാപനം എന്നിവയില്‍ തത്പരനായിരുന്നു വി എം കുട്ടി. പാണ്ടികശാല ഒറ്റപ്പിലാക്കല്‍ ഫാത്തിമ്മക്കുട്ടി എന്ന വനിതയില്‍ നിന്നാണ് മാപ്പിളപ്പാട്ടിനെ പരിചയപ്പെടുന്നത്.

1954 ല്‍ കോഴിക്കോട് ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ് ഈ രംഗത്തേക്കുള്ള കടന്നുവരവ്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയില്‍ പ്രസിദ്ധനായി. 1957 മുതല്‍ സ്വന്തമായി ഗായകസംഘമുള്ള വി എം കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചലച്ചിത്രം, കാസറ്റുകള്‍, എന്നിവക്ക് വേണ്ടി ധാരാളം ഗാനങ്ങള്‍ പാടിയിട്ടുണ്ട് അദ്ദേഹം. ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടന്‍ ഗാനശാഖയിലും വി എം കുട്ടിക്ക് നല്ല പാണ്ഡിത്യമുണ്ട്.

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുരസ്‌കാരം എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ ലോകം (എം എന്‍കാരശ്ശേരിയുമായി ചേര്‍ന്ന് എഴുതിയത്), വൈക്കം മുഹമ്മദ് ബഷീര്‍(മാലപ്പാട്ട്) എന്നിവയാണ് അദ്ദേഹം രചിച്ച കൃതികള്‍.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *