സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, പത്തനംതിട്ട ജില്ല പ്രളയഭീതിയില്‍; അണക്കെട്ടുകള്‍ തുറക്കുന്നു

October 16, 2021
196
Views

തിരുവനന്തപുരം : അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.

പത്തനംതിട്ട ജില്ലയില്‍ 2018ല്‍ പെയ്തതിനു സമാനമായി കനത്ത മഴ തുടരുകയാണ്. 12 മണിക്കൂറിനിടെ 10 സെന്റിമീറ്റര്‍ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. ആനത്തോട് ഡാമില്‍ ഇന്നലെ വൈകീട്ടു തന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തെന്മല പരപ്പാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. സമീപവാസികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

പമ്ബ ത്രിവേണിയിലും ജലനിരപ്പ് ഉയര്‍ന്നു. മീനച്ചില്‍, മണിമല ആറുകളില്‍ ജലനിരപ്പ് ഉയരുന്നു. താഴ്ന്ന ഇടങ്ങളിലെ റോഡില്‍ വെള്ളം കയറി. കനത്ത മഴയില്‍ ഇത്തിക്കരയാറിനോട് ചേര്‍ന്നുള്ള റോഡ് ഇടിഞ്ഞു.

ഇടുക്കിയില്‍ ആശങ്ക വിതച്ച്‌ കനത്ത മഴ തുടരുന്നു. കുമളി-കോട്ടയം റോഡില്‍ കുട്ടിക്കാനത്തിന് താഴെ ഉരുള്‍പൊട്ടി. പുല്ലുപാറയിലാണ് ഉരുള്‍പൊട്ടിയത്​. മണ്ണും കല്ലും ഒഴുകി വന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

തൊടുപുഴ, ഇടുക്കി, പീരുമേട് താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. തൊടുപുഴ, പെരിയാര്‍ എന്നിവിടങ്ങളില്‍ ജല നിരപ്പ് ഉയര്‍ന്നു. ഇടുക്കിയില്‍ മഴ തുടരുന്നത് ആശങ്ക വിതക്കുന്നുണ്ട്. പല പ്രദേശങ്ങളും മണ്ണിടിച്ചില്‍ ഭീതിയിലാണ്.

മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കല്ലാര്‍കുട്ടി, േലാവര്‍ പെരിയാര്‍ അണക്കെട്ടുകള്‍ തുറന്നു. മലങ്കര അണക്കെട്ടിന്‍െറ ആറ് ഷട്ടറും തുറന്ന നിലയിലാണ്. പാംബ്ല അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ചൊവ്വാഴ്ച തുറന്നു.

മാട്ടുപ്പെട്ടി ഡാമില്‍ ജലനിരപ്പ് 1597.90 മീറ്റര്‍ എത്തിയതിനാല്‍ ഒരു ഷട്ടര്‍ തുറന്നു. ഇടുക്കി അണക്കെട്ടില്‍ ഇന്ന് 2391.36 അടിയാണ്. അണക്കെട്ടില്‍ ജലനിരപ്പ് 86 ശതമാനം കവിഞ്ഞു. ജലനിരപ്പ് ഉയരുന്നത് തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ആദ്യ ജാഗ്രതാ നിര്‍ദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *