തിരുവനന്തപുരം: സംസ്ഥാനത്ത് അണക്കെട്ടുകൾ തുറക്കുന്നു. കക്കി, ഷോളയാർ ഡാമ്മുകള്‍ ഇന്ന് തുറക്കും. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് ശേഷവും കേരള ഷോളയാർ ഡാം ഷട്ടറുകൾ 10 മണിയോടെയുമാണ് തുറക്കുക. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396.90 അടിയായി. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. നിലവില്‍ അണക്കെട്ടില്‍ ഓറഞ്ച് അലർട്ടാണ്.
അതിന് ശേഷം ഷട്ടർ തുറന്ന് ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും. കേന്ദ്ര ജല കമ്മീഷന്‍റെ മാനദണ്ഡമനുസരിച്ച് 2397.85 അടിയിൽ എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക. അതേസമയം, മുല്ലപ്പെരിയാർ ജലനിരപ്പ് 133 അടിയിലെത്തി.
കേരള ഷോളയാർ ഡാം ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശ പ്രകാരം ക്യാമ്പുകളിലേയ്ക്ക് ഉടൻ മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു. കേരള ഷോളയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി 100 ക്യു മെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും.
6 മണിക്കൂറുകൊണ്ട് വെള്ളം ചാലക്കുടി പുഴയിലെത്തും. പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും. പറമ്പിക്കുളത്ത് നിന്നും നിലവിൽ ചാലക്കുടി പുഴയിൽ വെള്ളം എത്തുന്നുണ്ട്. ഇതും പുഴയിലെ ജലനിരപ്പ് ഉയർത്തും. വാൽപ്പാറ, പെരിങ്ങൽകുത്ത്, ഷോളയാർ മേഖലകളിൽ ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചിരുന്നു.
പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി. പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലർട്ടാണ്. അണക്കെട്ടിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തി. 986.33 മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി. അതേസമയം, കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് ശേഷം തുറക്കും.
അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ ഉയർത്തി 100 മുതൽ 200 മാക്സ് വെള്ളം വരെ തുറന്ന് വിടാനാണ് തീരുമാനം. ഇതുമൂലം പമ്പാനദിയിലും കക്കാട്ടറിലും 10 മുതൽ 15 സെന്റീമീറ്റർ വരെ ജലനിരപ്പ് ഉയരാനാണ് സാധ്യത. തീരത്ത് താമസിക്കുന്നവർക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകി. പമ്പയിലും അച്ചൻകോവിലാറ്റിലും ഉയർന്ന ജലനിരപ്പാണ്. ജില്ലയിൽ ഇന്നലെ രാത്രി മുതൽ കാര്യമായ മഴയില്ല.
അതിനിടെ, ഇടമലയാർ അണക്കെട്ടിന്‍റെ പരമാവധി ജലവിതാനനിരപ്പ് 169 മീറ്റർ എത്തി. ഇപ്പോഴത്തെ ജലനിരപ്പ് 165.30 മീറ്റിന് മുകളിലാണ്. മഴയും നീരൊഴുക്കും കണക്കിലെടുത്ത് ഡാമിലെ അധികജലം താഴേക്ക് ഒഴുക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായുളള ആദ്യഘട്ട മുന്നറിയിപ്പ് എന്ന നിലയിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്.
അതേസമയം, സംസ്ഥാനത്തെ ഡാമുകളുടെ അവസ്ഥ ചർച്ച ചെയ്യാൻ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ഇടുക്കി ഡാം ഇപ്പോൾ തുറക്കേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ചാണ് സംസ്ഥാനം പ്രവർത്തിക്കുന്നത്. മുന്നറിയിപ്പ് ലഭിച്ചയുടൻ പ്രവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.