ഇടുക്കി: ഉരുള്‍പൊട്ടലില്‍ ദുരന്തമുണ്ടായ കൊക്കയാറിന് ആശ്വാസമായി മഴയ്ക്ക് നേരിയ ശമനമുണ്ട്. മണ്ണിനടിയിൽ കാണാതായ മൂന്ന് വയസ്സുകാരന് സച്ചു ഷാഹുലിന് വേണ്ടിയാണ് രണ്ടാം ദിവസത്തെ തെരച്ചില്‍ നടക്കുന്നത്.
രണ്ട് പേരുടെ മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഫൗസിയ (28), അമീൻ (10), അഫ്‍ന ഫൈസൽ (8), അഫിയാൻ ഫൈസൽ (4), അംന (7), ഷാജി ചിറയില്‍ എന്നിവരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. ഇനി സച്ചു ഷാഹുലിനെ മാത്രമാണ് കണ്ടെത്താനുള്ളത്. കൊക്കയാർ പഞ്ചായത്തിന് സമീപം ഒഴിക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം, കൂട്ടിക്കൽ ഉരുൾ പൊട്ടലിൽ മരണമടഞ്ഞ അഞ്ച് പേരുടെയും മൃതദേഹം സംസ്കരിച്ചു. കണ്ടെടുത്ത മൃതദ്ദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ എത്തിച്ചു പോസ്റ്റുമോർട്ടം നടത്തിയ ശേഷമാണ് ബന്ധുക്കൾക്ക് വിട്ടു കൊടുത്തത്. സിയാദിന്റെ ഫൗസിയയുടെയും മക്കൾ അമീൻ സിയാദ്, അംന സിയാദ് എന്നിവരുടെ മൃതദേഹം രാത്രി പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളി പാറക്കടവ് മുസ്ലിം പള്ളിയിൽ പൊതുദർശനത്തിന് എത്തിച്ചു.
നിരവധി പേരാണ് രാത്രി വൈകിയും ഇവർക്ക് അന്ത്യോപചാരം അർപ്പിക്കാൻ തടിച്ചു കൂടിയത്. മാർട്ടിന്റെയും കുടുബാംഗങ്ങളുടെയും സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. അതേസമയം, കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ ഒരാൾ കൂടി മരിച്ചെന്ന സംശയം ബലപ്പെടുകയാണ്. പന്ത്രണ്ടുകാരൻ അലന്റെ മൃതദേഹത്തിനൊപ്പം കിട്ടിയ ശരീരഭാഗം പ്രായമുള്ള വ്യക്തിയുടേതാണ്. ആരുടെതെന്ന തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും.