അപ്പർ കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു: കെ.എസ്.ആർ.ടി.സി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു

October 18, 2021
84
Views

ആലപ്പുഴ: അപ്പർ കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ മിക്കതും വെള്ളത്തിനടിയിലായി. പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ കെ.എസ്.ആർ.ടി.സി താൽക്കാലികമായി നിർത്തിവെച്ചു. എടത്വ-ഹരിപ്പാട്, അമ്പലപ്പുഴ-തിരുവല്ല പാതയിലും കെ.എസ്.ആർ.സി സർവീസില്ല.

പമ്പയാർ കരകവിഞ്ഞ് സമീപത്തെ വീടുകളെല്ലാം വെള്ളത്തിലായി. കക്കി ഡാം കൂടി തുറന്നാൽ വെള്ളത്തിന്റെ നിരപ്പ് ഉയരുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. കക്കി അണക്കെട്ട് രാവിലെ 11 മണിയോടെ തുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൃത്യമായ അവലോകനം നടത്തിയ ശേഷമാണ് കക്കി ഡാം തുറക്കുന്നതെന്നും ആശങ്കവേണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

വെള്ളപ്പൊക്ക സാഹചര്യത്തിൽആളുകളോട് ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറാൻ നിർദേശിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ പ്രധാനപ്പെട്ട പല റോഡുകളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. വാഹനഗതാഗതവും തടസ്സപ്പെട്ടു.

നെടുമ്പ്രം, നിരണം, മുട്ടാർ, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തുകളിലാണു ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. തലവടി കുതിരച്ചാൽ പുതുവൽ കോളനിയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കോളനിയിലെ മിക്കവീടുകളും മുട്ടോളം വെള്ളത്തിലാണ്. അപ്പർകുട്ടനാട്ടിൽ ആദ്യം വെള്ളത്തിൽമുങ്ങുന്ന പ്രദേശമാണു കുതിരച്ചാൽ കോളനി. തലവടി പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിലും സമാന അവസ്ഥയാണു നിലനിൽക്കുന്നത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *