കോളജുകള്‍ തുറക്കുന്നത് മാറ്റി ;ഡാം തുറക്കല്‍ വിദഗ്ധ സമിതി തീരുമാനിക്കും

October 18, 2021
136
Views

തിരുവനന്തപുരം: സംസ്ഥാനത്ത് കോളജുകള്‍ തുറക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. കോളജുകള്‍ ഈ മാസം 25 ന് തുറന്നാല്‍ മതിയെന്നാണ് മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗത്തില്‍ തീരുമാനമെടുത്തത്. മഴക്കെടുതി സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നത് കണക്കിലെടുത്താണ് തീരുമാനം.

ഡാമുകള്‍ എപ്പോള്‍ തുറക്കണമെന്ന് വിദഗ്ധ സമിതി തീരുമാനിക്കും. ഡാമുകള്‍ ഏതൊക്കെ, എപ്പോള്‍ തുറക്കണമെന്ന് വിദഗ്ധ സമിതി തീരുമാനം കൈക്കൊള്ളും. തീരുമാനം മൂന്ന് മണിക്കൂര്‍ മുമ്പ് ജില്ലാ കലക്ടര്‍മാരെ വിവരം അറിയിക്കും. അതിന് ശേഷം മാത്രമേ ഡാമുകള്‍ തുറക്കാവൂ. പ്രദേശവാസികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ കലക്ടര്‍മാര്‍ക്ക് ആവശ്യമായ സമയം കൊടുക്കണമെന്നും ഉന്നത തലയോഗത്തില്‍ തീരുമാനിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ആലപ്പുഴയിലേക്ക് ഒരു എന്‍ഡിആര്‍എഫ് സംഘത്തെ കൂടി നിയോഗിക്കും. മണ്ണിടിച്ചില്‍ സാധ്യതാപ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ നിര്‍ബന്ധമായും മാറ്റി താമസിപ്പിക്കാന്‍ മുഖ്യമന്ത്രി ജില്ലാഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ആളുകള്‍ സ്വമേധയാ മാറി താമസിക്കട്ടെ എന്നു കാത്തിരിക്കാനാവില്ലെന്നും, ബുധനാഴ്ച മുതല്‍ വ്യാപക മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ കര്‍ക്കശ നടപടികളുമായി മുന്നോട്ടുപോകാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വെള്ളം പൊങ്ങിയ സ്ഥലങ്ങളില്‍ വാഹനഗതാഗതം പൂര്‍ണമായി നിര്‍ത്തിവെക്കാനും ഉന്നത തലയോഗം തീരുമാനിച്ചു.

ഇന്നുമുതല്‍ കോളജുകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, പിന്നീട് മഴക്കെടുതി കണക്കിലെടുത്ത് പിന്നീട് ഈ മാസം 20ലേക്ക് മാറ്റിയിരുന്നു. ഇന്ന് നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷകളും വിവിധ സര്‍വകലാശാല പരീക്ഷകളും മാറ്റിയിരുന്നു. പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

പ്ലസ് വണ്‍ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. ആരോഗ്യ സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *