ഇടുക്കി: നിലവിലെ നീരൊഴുക്ക് തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. തുറക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നു. പ്രതികൂല കാലാവസ്ഥ തുടര്‍ന്നാല്‍ മറ്റു മാര്‍ഗമില്ലെന്നും മന്ത്രി വിശദീകരിച്ചു.
ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് നിൽക്കുകയാണ്. 2397.14 ആണ് നിലവിൽ ജലനിരപ്പ്. സംഭരണ ശേഷിയുടെ 93.17 ശതമാനം വെള്ളം നിറഞ്ഞു. നീരൊഴുക്ക് കുറഞ്ഞതിനാൽ റെഡ് അലര്‍ട്ട് രണ്ടുദിവസത്തിനുശേഷം മാത്രമെന്ന് കെഎസ്ഇബി ഡാം സുരക്ഷ ചീഫ് എന്‍ജിനീയർ പറഞ്ഞു.
ജില്ലയിലെ മഴ പരിഗണിച്ച് സര്‍ക്കാരിന്റെയും ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഡാം തുറക്കുക. ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനം പൂർണതോതിലാക്കി. ആറിൽ 5 ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. 3-ാം നമ്പർ ജനറേറ്ററിന്റെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും.