ആര്യൻ അഴിയ്ക്കുള്ളിൽ തന്നെ: ജാമ്യം നൽകിയാൽ കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി

October 20, 2021
132
Views

മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യമില്ല. ആഡംബര കപ്പലിലെ ലഹരിക്കേസിൽ അറസ്റ്റിലായ ആര്യന് ഇതോടെ മുംബൈ ആർതർറോഡ് ജയിലിൽ ഇനിയും തുടരേണ്ടിവരും. ആര്യന് ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി.

ആര്യനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഒരു പുതുമുഖ നായികയുമായി ലഹരി ഇടപാടിന് ചാറ്റ് ചെയ്തുവെന്നും എൻ.സി.ബി കോടതിയെ അറിയിച്ചു. എൻ.സി.ബി ഉന്നയിച്ച വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ആര്യന് ജാമ്യം നിഷേധിച്ചത്. രണ്ട് ദിവസത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷമാണിത്.

കോടതി വിധിയിൽ നിരാശയുണ്ടെന്നും ഹൈക്കോടതിയെ സമീപിക്കുകയെന്നത് മാത്രമാണ് തങ്ങളുടെ മുന്നിലുള്ള വഴിയെന്നും അഭിഭാഷകൻ പ്രതികരിച്ചു. ആര്യൻ നിരപരാധിയാണെന്നും പ്രായത്തിന്റെ ഇളവ് നൽകി ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ വാദിച്ചത്.

ഒക്ടോബർ രണ്ടിനാണ് ആര്യൻ ഉൾപ്പെടെയുള്ളവർ ആഡംബര കപ്പലിൽ നിന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) കസ്റ്റഡിയിലായത്. ഒക്ടോബർ മൂന്നിന് ആര്യൻ ഉൾപ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എൻ.സി.ബി കസ്റ്റഡിയിൽ വിട്ടു. ആദ്യം ഒക്ടോബർ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്റ്റഡി നീട്ടി.

ആര്യന് ഒപ്പം കേസിൽ പ്രതികളായ ഏഴ് പേരെയും കസ്റ്റഡിയിൽ വിട്ടിരുന്നു. ഏഴാം തീയതി വീണ്ടും ആര്യനെ എൻ.സി.ബി കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. തൊട്ടടുത്ത ദിവസം ആര്യൻ വീണ്ടും ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. എൻ.സി.ബി കസ്റ്റഡിയിൽ നിന്ന് ജുഡീഷ്യൽ കസ്റ്റഡിയിലേക്കാണ് ഇത്തവണ ആര്യനേയും ഒപ്പമുള്ള പ്രതികളേയും അയച്ചത്.

മുംബൈ ആർതർ റോഡ് ജയിലിലാണ് ആര്യൻ കഴിയുന്നത്. കേസ് 13ന് പരിഗണിക്കാൻ 11ന് ലിസ്റ്റ് ചെയ്തുവെങ്കിലും ഒക്ടോബർ 13ന് ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഒക്ടോബർ 20ലേക്ക് മാറ്റിയിരുന്നു. ആര്യൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് എൻ.സി.ബി സംഘം വാദിക്കുന്നത്.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *