‘നെപ്പോളിയന്റെ’ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി: ഇ-ബുൾജെറ്റ് സഹോദരന്മാർക്ക് തിരിച്ചടി

October 21, 2021
73
Views

കണ്ണൂർ: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർവാഹന വകുപ്പ് നോട്ടീസ് നൽകിയതിനെതിരെ ട്രാവൽ വ്ളോഗർമാരായ ഇ-ബുൾജെറ്റ് സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി. കണ്ണൂർ കിളിയന്തറ സ്വദേശി എബിൻ വർഗീസും സഹോദരൻ ലിബിൻ വർഗീസും ആണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സ്തീഷ് നൈനാന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

മോട്ടോർവാഹന നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് സർക്കാർ വിശദീകരിച്ചു. സർക്കാരിന്റെ നടപടിയിൽ ഇടപെടാൻ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇ-ബുൾജെറ്റ് സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളിയത്. വാഹനത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയത് കണ്ടെത്തിയതിനെത്തുടർന്ന് മോട്ടോർവാഹന വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു.

അനധികൃതമായി രൂപമാറ്റം വരുത്തിയതിനെ തുടർന്ന് ഇ-ബുൾജെറ്റ് സഹോദരന്മാരുടെ നെപ്പോളിയൻ കാരവാന്റെ രജിസ്ട്രേഷൻ സെപ്റ്റംബർ പത്തിനാണ് മോട്ടോർ വാഹനവകുപ്പ് താത്കാലികമായി റദ്ദാക്കിയത്. വാഹനം മോടിപിടിപ്പിച്ചത് സംബന്ധിച്ച് ഇ-ബുൾജെറ്റ് സഹോദരങ്ങൾ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് മോട്ടോർ വാഹന വകുപ്പ് ആറ് മാസത്തേക്ക് രജിസ്ട്രേഷൻ റദ്ദാക്കിയത്.

വാഹനത്തിൽ നിയമപ്രകാരമുള്ള മോടിപിടിപ്പിക്കൽ മാത്രമേ വരുത്തിയിട്ടുള്ളെന്നും ഇതിൽ മാറ്റം വരുത്താൻ കഴിയില്ലെന്നുമായിരുന്നു ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ നിലപാട്. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്. വാഹനം സ്റ്റോക്ക് കണ്ടീഷനിൽ ഹാജരാക്കിയില്ലെങ്കിൽ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

നെപ്പോളിയൻ കാരവാനിൽ അനധികൃതമായി രൂപമാറ്റം വരുത്തിയതിനെ തുടർന്ന് ഓഗസ്റ്റ് ആദ്യവാരം മോട്ടോർ വാഹന വകുപ്പ് ഇവരുടെ വാഹനം കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം മോട്ടോർ വാഹന വകുപ്പ് ഓഫീസിലെത്തിയ വ്ളോഗർമാർ ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിരത്തുകളിലെ മറ്റ് വാഹനങ്ങൾക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളതെന്നാണ് എം.വി.ഡി. പറഞ്ഞത്. രാജ്യത്തുടനീളം യാത്ര ചെയ്യുന്ന വാഹനമാണിതെന്നും അവിടെയെല്ലാം വാഹനമോടിക്കുന്നതിനുള്ള ലൈറ്റുകളാണ് ഈ വാഹനത്തിൽ ഉള്ളതെന്നും ഇ ബുൾജെറ്റ് അവകാശപ്പെട്ടിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *