ചെന്നൈ : നടന് വിവേകിന്റെ മരണം കോവിഡ് വാക്സിന് മൂലമല്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ഹൃദയാഘാതമാണ് നടന്റെ മരണ കാരണമെന്നും, കോവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഇമ്യൂണൈസേഷന് വകുപ്പ് റിപ്പോര്‍ട്ട് നല്കി.
ഏപ്രില്‍ 16 നാണ് 59 കാരനായ നടന് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികില്‍സയില്‍ കഴിയവെ പിറ്റേന്ന് നടന് അന്തരിച്ചു. രണ്ടു ദിവസം മുമ്ബ് ഏപ്രില്‍ 15 നാണ് താരം കോവിഡ് വാക്സിന് സ്വീകരിക്കുന്നത്.
ഇതേത്തുടര്‍ന്ന് കോവിഡ് വാക്സിന് സ്വീകരിച്ചതാണ് വിവേകിന്റെ മരണകാരണമെന്ന് ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരണം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ആളുകള്‍ വാക്സിന് സ്വീകരിക്കാന്‍ വിമുഖത കാട്ടുകയും ചെയ്തിരുന്നു.
ഇതിനിടെ, വിഴുപുരം സ്വദേശിയായ ഒരു സാമൂഹിക പ്രവര്ത്തകന് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഹര്‍ജി സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
കോവിഡ് വാക്സിന് എടുത്തശേഷമാണ് മരണം സംഭവിച്ചതെന്ന് വ്യാപക പ്രചാരണം ഉണ്ടെന്നും, അതിനാല്‍ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വാക്സിന് സുരക്ഷിതമാണെന്നും, ആശങ്ക വേണ്ടെന്നും ഇമ്യൂണൈസേഷന് വകുപ്പ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.