തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആവശ്യമെങ്കിൽ സർക്കാർ സ്കൂളുകളിൽ സീറ്റ് വർധിപ്പിക്കും. കുട്ടികൾ ഏറ്റവും കൂടുതൽ താൽപര്യപ്പെടുന്ന സയൻസ് വിഷയങ്ങൾക്ക് ആവശ്യമെങ്കിൽ താത്കാലിക ബാച്ചുകൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
താലൂക്ക് അടിസ്ഥാനത്തിലും സ്കൂൾ അടിസ്ഥാനത്തിലും ലിസ്റ്റ് എടുത്തിട്ടുണ്ട്. 78 താലൂക്കുള്ളതിൽ, താലൂക്ക് അടിസ്ഥാനത്തിൽ കോമ്പിനേഷൻ തിരിച്ച് സീറ്റുകൾ കുറവുള്ളത് അൻപതിടത്താണ്. താലൂക്ക് അടിസ്ഥാനത്തിൽ കോമ്പിനേഷൻ തിരിച്ച് മിച്ചമുള്ള സീറ്റുകൾ 27 ആണ്. സീറ്റ് കുറവുള്ള താലൂക്കുകളുടെ എണ്ണം സയൻസ് കോമ്പിനേഷനിൽ 36 ആണ്. ഹ്യൂമാനിറ്റീസ് കോമ്പിനേഷനിൽ 41. കൊമേഴ്സ് കോമ്പിനേഷനിൽ 46. ഇതിന്റെ അടിസ്ഥാനത്തിൽ പരിപൂർണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകൾ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റുമെന്ന് മന്ത്രി സഭയിൽ അറിയിച്ചു. 20 ശതമാനം സീറ്റ് വർധന ഏർപ്പെടുത്തിയ ജില്ലയിൽ സീറ്റിന്റെ ആവശ്യകത ഉണ്ടാവുകയാണെങ്കിൽ സർക്കാർ സ്കൂളുകളിൽ പത്തു ശതമാനം സീറ്റ് വർധന കൂടി അനുവദിക്കും.
മുൻപ് മാർജിനൽ സീറ്റ് വർധനവ് നൽകാത്ത ജില്ല ആണെങ്കിൽ ആവശ്യകത അനുസരിച്ച് എല്ലാ സർക്കാർ സ്കൂളുകളിലും ഇരുപത് ശതമാനം അല്ലെങ്കിൽ പത്തു ശതമാനം സീറ്റ് വർധന അനുവദിക്കും. അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് നിബന്ധനകൾക്ക് വിധേയമായി മാർജിനൽ വർധനവിന്റെ ഇരുപതു ശതമാനം മാനേജ്മെന്റ് സീറ്റും ബാക്കിയുള്ള സീറ്റുകൾ പൊതുമെറിറ്റ് സീറ്റായും 20 ശതമാനം അല്ലെങ്കിൽ പത്തുശതമാനം സീറ്റ് വർധിപ്പിക്കും. സീറ്റ് വർധനവിലൂടെ പരിഹരിക്കപ്പെടാത്ത പക്ഷം സപ്ലിമെന്ററി അലോട്മെന്റിലൂടെ ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താത്കാലിക ബാച്ചുകൾ അനുവദിക്കപ്പെടുന്നതാണ്. കുട്ടികൾ ഏറ്റവും കൂടുതൽ താൽപര്യപ്പെടുന്ന സയൻസ് വിഷയത്തിൽ ആവശ്യമെങ്കിൽ താത്കാലിക ബാച്ചുകൾ അനുവദിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ കുട്ടികൾക്ക് ഇത്തവണ എ പ്ലസ് കിട്ടിയതാണ് പ്രതിസന്ധിക്ക് കാരണമായത്. വിഷയത്തിൽ സർക്കാർ താലൂക്ക് അടിസ്ഥാനത്തിൽ കണക്കെടുപ്പ് നടത്തിയിരുന്നു. ഈ കണക്കുകളാണ് മന്ത്രി സഭയെ അറിയിച്ചത്. എ പ്ലസ് നേടിയിട്ടും ഇനിയും പ്രവേശനം ലഭിക്കാത്ത 5812 വിദ്യാർഥികളുണ്ട്.