രണ്ടുലക്ഷം രൂപവരെ വിലവരുന്ന മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം വര്‍ദ്ധിക്കും. അങ്ങനെ വരുമ്പോള്‍ രണ്ടുലക്ഷം രൂപ വിലയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് പരമാവധി 2000 രൂപ വരെ കൂടിയേക്കും. ഒരുലക്ഷം രൂപയ്ക്ക് താഴെ വിലയുള്ളവയ്ക്ക് 10 ശതമാനവും അതിനുമുകളില്‍ രണ്ടുലക്ഷം രൂപാ വരെയുള്ളവയ്ക്ക് 12 ശതമാനവുമാണ് നിലവിലെ നികുതി.
റോഡ് നികുതി ഈടാക്കുന്നത് 15 വര്‍ഷത്തേയ്ക്കാണ്. ഒരു ലക്ഷം രൂപ വിലയുള്ള ബൈക്കിന് ഇപ്പോള്‍ 10,000 രൂപ നികുതി നല്‍കണം. ഇതില്‍ 1000 രൂപയുടെ വര്‍ദ്ധനവുണ്ടാകും. രണ്ടുലക്ഷം രൂപാ വിലയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് 24,000 രൂപ വരെയാണ് നികുതിയായി നല്‍കിയിരുന്നത്. ഇത് 26,000 ആയി വര്‍ദ്ധിക്കും. 60 കോടി രൂപയുടെ വരുമാനമാണ് നികുതി വര്‍ദ്ധനവിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.15 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേയ്ക്ക് 400 രൂപയാണ് ഹരിത നികുതി. ഇത് 50 ശതമാനം വര്‍ദ്ധിപ്പിച്ചതോടെ 200 രൂപയുടെ വര്‍ദ്ധനവുണ്ടാകും. ഇരുചക്രവാഹനങ്ങളെ ഹരിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഡീസല്‍ മുചക്രവാഹനങ്ങള്‍ക്കും ഇനിമുതല്‍ ഹരിതനികുതി നല്‍കേണ്ടിവരും. കാരവാനുകളുടെ നികുതി ചതുരശ്രമീറ്ററിന് 1000 രൂപയില്‍ നിന്നും 500 ആയി കുറച്ചു. വാഹനനികുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി തുടരും. ചെക്ക്‌പോസ്റ്റുകള്‍ നവീകരിക്കാന്‍ 44 കോടിയാണ് വയിരുത്തിയിട്ടുള്ളത്.