അമരാവതി: ടിപ്പർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ബസിന് തീപിടിച്ച് ആറ് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു.
ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയില്‍ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ബപട്‌ല ജില്ലയിലെ നിലയപാലത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ബസ്.
കാശി ബ്രഹ്മേശ്വര റാവു (62), ലക്ഷ്മി (58), ശ്രീസായി (9), ബസ് ഡ്രൈവർ ആൻജി, ടിപ്പർ ഡ്രൈവർ മധ്യപ്രദേശ് സ്വദേശി ഹരി സിങ് എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടം നടന്നയുടൻ അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും രണ്ടു വാഹനങ്ങളും പൂർണമായും കത്തി നശിച്ചിരുന്നു. പരിക്കേറ്റവരെ ചിലക്കലൂരിപേട്ടയിലെയും ഗുണ്ടൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ബസില്‍ 42 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബപട്‌ല ജില്ലയിലെ നിലയപാലം മണ്ഡലത്തില്‍ നിന്ന് തിങ്കളാഴ്ച വോട്ട് ചെയ്ത് ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു ഇവർ. ബസിന് തീപിടിച്ച ഉടൻ യാത്രക്കാർ ജനല്‍ ചില്ലുകള്‍ വഴി പുറത്തേക്ക് ചാടി. പ്രായമായവർക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഇവരാണ് അപകടത്തില്‍ പെട്ടത്.