ചെന്നൈ: നടൻ ആര്യയായി ആൾമാറാട്ടം നടത്തി ശ്രീലങ്കൻ യുവതിയെ കബളിപ്പിച്ച യുവാക്കൾ ചെന്നൈയിൽ അറസ്റ്റിൽ. മുഹമ്മദ് അർമാൻ, മുഹമ്മദ് ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ ഗീതയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൈബർ പോലീസ് ടീമാണ് ഇവരെ കണ്ടെത്തിയത്.
ജർമനിയിൽ താമസിക്കുന്ന ശ്രീലങ്കൻ യുവതിയാണ് പരാതിക്കാരി. ആര്യയുമായി താൻ സമൂഹമാധ്യമത്തിലൂടെ ചാറ്റ് ചെയ്യാറുണ്ടെന്നും വിവാഹവാഗ്ദാനം നൽകി തന്നെ നടൻ വഞ്ചിച്ചുവെന്നും ആരോപിച്ചു. തന്റെ പക്കൽ നിന്ന് 65 ലക്ഷത്തോളം രൂപ കൈപ്പറ്റിയതായും ഇവർ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ആര്യയെ പോലീസ് വിളിപ്പിച്ചിരുന്നു. തന്റെ പേരിൽ ആരെങ്കിലും യുവതിയെ പറ്റിച്ചതായിരിക്കുമെന്ന് ആര്യ പറഞ്ഞു. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വാട്‌സാപ്പ് വഴിയായിരുന്നു തട്ടിപ്പ് നടത്തിയത്.
ശ്രീലങ്കന്‍ യുവതി ആര്യയുടെ സിനിമകള്‍ക്ക് റിലീസ് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി വാദം കേട്ട ശേഷം കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചു.
തുടർന്ന് അഡീഷണല്‍ കമ്മീഷണര്‍ രാഘവേന്ദ്ര കെ രവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തി. ആഗസ്റ്റ് 24ന് റാണിപേട്ടിനടുത്ത് പെരുമ്പള്ളിപ്പാക്കത്ത് വെച്ചാണ് രണ്ട് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികളെ പിടികൂടിയതിന് പൊലീസ് കമ്മീഷണര്‍ക്കും സെന്‍ട്രല്‍ ബ്രാഞ്ച് അഡീഷണല്‍ കമ്മീഷണറിനും സൈബര്‍ ക്രൈം ടീമിനും നടന്‍ ആര്യ നന്ദി പറഞ്ഞു.