നടിയെ ആക്രമിച്ച കേസ്; കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി പിന്‍വലിച്ച് ദിലീപ്

December 17, 2021
192
Views

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപ് ഹരജി പിന്‍വലിച്ചു. തന്നെ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജിയാണ് പിന്‍വലിച്ചത്. വിചാരണ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഹരജി പിന്‍വലിച്ചത്. ഹരജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലാണ്.

200ലധികം സാക്ഷികളെ ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഹരജി പിന്‍വലിച്ചത്. ഈ കേസില്‍ താന്‍ പ്രതിമാത്രമല്ല, ഇര കൂടിയാണെന്നാണ് ദിലീപ് ഹരജിയില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സമര്‍പ്പിച്ച ഹരജിയാണിത്

അതേസമയം, എറണാകുളത്തെ വിചാരണക്കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. ഫെബ്രുവരി 17, 2017 നാണ് കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ വാഹനത്തില്‍ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുന്നതും, അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും.

സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18 ന് തന്നെ നടിയുടെ കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും, പള്‍സര്‍ സുനി എന്ന സുനില്‍കുമാറടക്കമുള്ള 6 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.ജൂണ്‍ 24 നാണ് കേസിലേക്ക് ദിലീപിന്റെയും സുഹൃത്ത് നാദിര്‍ഷായുടേയും കടന്നുവരവ്. ജൂണ്‍ 26 ന് ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു അറസ്റ്റിലായി.

അന്നുതന്നെയാണ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തല് ദിലീപ് നടത്തിയത്. ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നാണ് ദിലീപ് പറഞ്ഞത്. ഇത്തരം ആളുകളുമായി കൂട്ടുകൂടുമ്പോള്‍ ഓര്‍ക്കണമെന്നും ദിലീപ് പറഞ്ഞു. ജൂണ്‍ 30 ന് കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായി കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തി.

ഇതിനിടെ ദിലീപിന്റെ സഹോദരന്‍ അനൂപ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങി ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരമായി ബന്ധപ്പെട്ട സിനിമാ പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തു. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റില്‍ സുനി എത്തിയിരുന്നു.

ജൂലൈ 10 നാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് ജയിലിലാകുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഒടുവില്‍ നാല് തവണ ജാമ്യനിഷേധിച്ചതിന് ശേഷം അഞ്ചാം തവണ ദിലീപിന് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *