കുതിപ്പ് തുടര്‍ന്ന് ആദിത്യ ; പ്രതീക്ഷയോടെ ഐഎസ്‌ആര്‍ഒ

October 1, 2023
38
Views

കുതിപ്പ് തുടര്‍ന്ന് ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ.

കുതിപ്പ് തുടര്‍ന്ന് ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ. ഭൂമിയുടെ സ്വാധീനത്തില്‍ നിന്ന് പുറത്ത് കടന്ന ആദിത്യ 9.2 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു.

ഭൂമിക്കും സൂര്യനും ഇടയിലുള്ള ല ഗ്രാഞ്ച് പോയിന്റ് ഒന്നിലേക്ക് ആദിത്യയുടെ യാത്ര തുടരുകയാണ്.

സൂര്യനെ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ പോയന്റാണ് ലഗ്രാഞ്ച് ഒന്ന്. ആദിത്യ എല്‍ വണ്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.

സെപ്തംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്. പിഎസ്‌എല്‍വി സി 57 റോക്കറ്റിലായിരുന്നു വിക്ഷേപണം. സൂര്യന്റെ പ്രഭാമണ്ഡലത്തെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്‌ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ.

സൗരാന്തരീക്ഷത്തിന്റെ ചലനാത്മകതയും ഘടനയും മനസിലാക്കല്‍, സൗരവാത ഗതിവേഗവും താപനില വ്യതിയാനവും മനസിലാക്കല്‍ എന്നിവയും ആദിത്യയുടെ ലക്ഷ്യങ്ങളാണ്. ഇതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എല്‍ 1ലുള്ളത്. നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തിക വലയം എന്നിവയെപ്പറ്റി പഠിക്കും.

പേടകത്തിലെ പ്രധാന പേലോഡായ വിസിബിള്‍ എമിഷന്‍ ലൈന്‍ കോറോണഗ്രാഫ് മിനിറ്റില്‍ ഒന്നെന്ന കണക്കില്‍ ദിവസേന 1440 ചിത്രങ്ങള്‍ പകര്‍ത്തി ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷ. ചന്ദ്രയാന്‍ മൂന്നിന് പിന്നാലെ ആദിത്യ എല്‍ 1 കൂടി വിജയിച്ചാല്‍ ഇന്ത്യക്കും ഐഎസ്‌ആര്‍ഒയ്ക്കും അത് വലിയ നേട്ടമാകും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *