സൂര്യനെ നിരീക്ഷിക്കാൻ ലാഗ്റേഞ്ച് വണ്‍ പോയന്റിലേക്കുള്ള സഞ്ചാരത്തിനിടെ ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് സെല്‍ഫിയെടുത്തും ഭൂമിയെയും ചന്ദ്രനെയും കാമറയില്‍ പകര്‍ത്തിയും ആദിത്യ എല്‍ വണ്‍.
ബംഗളൂരു: സൂര്യനെ നിരീക്ഷിക്കാൻ ലാഗ്റേഞ്ച് വണ്‍ പോയന്റിലേക്കുള്ള സഞ്ചാരത്തിനിടെ ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് സെല്‍ഫിയെടുത്തും ഭൂമിയെയും ചന്ദ്രനെയും കാമറയില്‍ പകര്‍ത്തിയും ആദിത്യ എല്‍ വണ്‍.
സെപ്റ്റംബര്‍ നാലിന് ആദിത്യ പേടകത്തിലെ കാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ വ്യാഴാഴ്ച എക്സില്‍ പങ്കുവെച്ചു.പേടകത്തിലെ ബാഹ്യ ഉപകരണങ്ങളായ വെല്‍സ് (വിസിബിള്‍ എമിഷൻ ലൈൻ കൊറോണാഗ്രാഫ്), സ്യൂട്ട് (സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജര്‍) എന്നിവയുടെ വ്യക്തതയാര്‍ന്ന ചിത്രങ്ങളാണ് സെല്‍ഫിയിലുള്ളത്. സൂര്യന്റെ പുറം ഭാഗത്തെ താപവ്യതിയാനങ്ങളും അത് ബഹിരാകാശത്തുണ്ടാക്കുന്ന മാറ്റങ്ങളും സംബന്ധിച്ച് വിവരം ശേഖരിക്കാനുള്ളതാണ് ‘വെല്‍സ്’. സൗര മണ്ഡലത്തിലെ ചിത്രം പകര്‍ത്താനുള്ളതാണ് ‘സ്യൂട്ട്’. ആദിത്യയുടെ ഓണ്‍ബോര്‍ഡ് കാമറകള്‍ പകര്‍ത്തുന്ന ആദ്യ ചിത്രങ്ങളാണിവ.ഭൂമിയുടെ വ്യക്തമായ ചിത്രവും ചന്ദ്രന്റെ വിദൂര ദൃശ്യവും ഇവയിലുണ്ട്. ലക്ഷ്യത്തിലെത്തിയാല്‍ ഐ.എസ്.ആര്‍.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വര്‍ക്കിലേക്ക് ദിനേന 1440 ചിത്രങ്ങളാണ് വെല്‍സ് അയക്കുക. ഇവ വിശകലനം ചെയ്താണ് പഠനം നടത്തുക.