സൂര്യനിലെ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എല്‍ 1-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഐഎസ്ആര്‍ഒ പുറത്തുവിട്ടു.
സൂര്യനിലെ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എല്‍ 1-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഐഎസ്ആര്‍ഒ പുറത്തുവിട്ടു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, സെപ്റ്റംബര്‍ 2 ശനിയാഴ്ചയാണ് ആദിത്യ എല്‍ 1 സൂര്യനെ ലക്ഷ്യമാക്കി കുതിക്കുക. ചന്ദ്രയാൻ- 3 വിജയകരമായി ചന്ദ്രോപരിതലത്തില്‍ ഇറക്കിയതിന്റെ ഒമ്ബതാം ദിവസം കൂടിയാണ് സെപ്റ്റംബര്‍ 2. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്നാണ് ഔദ്യോഗിക ലോഞ്ച്.
സെപ്റ്റംബര്‍ 2-ന് രാവിലെ 11:50-ന് പി.എസ്.എല്‍.വി- എക്സ്.എല്‍ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 800 കിലോമീറ്റര്‍ മുകളിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കാണ് ആദിത്യ പേടകത്തെ വിക്ഷേപിക്കുക. അവിടെ നിന്ന് നിരവധി തവണ ഭൂമിയെ ഭ്രമണം ചെയ്യുകയും, പേടകത്തിലെ ത്രസ്റ്ററുകള്‍ ഉപയോഗിച്ച് ഭ്രമണപഥം വിപുലമാക്കുകയും ചെയ്യും. ചന്ദ്രയാൻ സഞ്ചരിച്ച അതേ മാതൃകയില്‍ സഞ്ചാരപഥം ഉയര്‍ത്താനാണ് തീരുമാനം.തീഗോളമായി ജ്വലിക്കുന്ന സൂര്യനെ നിശ്ചിത അകലത്തില്‍ നിന്ന് മാത്രമേ നിരീക്ഷിക്കാൻ സാധിക്കുകയുള്ളൂ. 2018-ല്‍ അമേരിക്കയുടെ നാസ വിക്ഷേപിച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന പേടകമാണ് ഏറ്റവും ഒടുവിലായി സൂര്യദൗത്യവുമായി ബഹിരാകാശത്ത് എത്തിയത്. ആദിത്യ എല്‍-1 ലക്ഷ്യം കണ്ടാല്‍ സൂര്യദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ നാലാമത്തെ രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്ക് സ്വന്തമാകും.