ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1 ശ്രീഹരിക്കോട്ടയിലെ സ്പേസ്പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു.
ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1 ശ്രീഹരിക്കോട്ടയിലെ സ്പേസ്പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു.
ഓഗസ്റ്റ് അവസാനം അല്ലെങ്കില്‍ സെപ്തംബര്‍ ആദ്യം ആദിത്യ എല്‍ ഒന്നിന്റെ വിക്ഷേപണം നടത്താൻ കഴിയുമെന്നാണ് ഐ എസ് ആര് ഒ പ്രതീക്ഷിക്കുന്നത്. ആദിത്യ എല്‍ 1 വിക്ഷേപണത്തിന് തയ്യാറെടുക്കുന്നതായി ഐ എസ് ആര് ഒ തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. ഓഗസ്റ്റ് അവസാനത്തോടെ ആദിത്യയെ വിക്ഷേപണം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ എസ് ആര് ഒ ചെയര്മാൻ എസ് സോമനാഥും പറഞ്ഞു.
400 കിലോ ഭാരമുള്ള ആദിത്യ ഉപഗ്രഹത്തില്‍ വിസിബിള്‍ എമിഷൻ ലൈൻ കൊറോണഗ്രാഫ് (വി.ഇ.എല്‍.സി) ഉള്‍പ്പെടെ ഏഴ് ഉപകരണങ്ങളാണുള്ളത്. ഭൂമിക്കും സൂര്യനും ഇടയിലുള്ള ലഗ്രാൻജിയൻ പോയിന്റ് ഒന്നില്‍ സ്ഥിരമായി നിന്ന് സൂര്യനെ പഠിക്കുകയാണ് ആദിത്യ എല്‍ഒന്നിന്റെ ദൗത്യം. കൊറോണല്‍ മാസ് എജക്ഷനുകളുടെ ചലനാത്മകതയും ഉത്ഭവവും ഉള്‍പ്പെടെയുള്ള സൂര്യന്റെ നിരവധി സവിശേഷതകള്‍ പഠിക്കും.
ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വബലങ്ങള്‍ ആകര്‍ഷണവും വികര്‍ഷണവും സൃഷ്ടിക്കുന്ന മേഖലയാണ് ലഗ്രാൻജിയൻ പോയിന്റ്. ഭൂമിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന പോലെ ഇവിടെ ബഹിരാകാശ പേടകങ്ങള്‍ക്ക് സ്ഥിരം സ്ഥാനത്ത് നിലയുറപ്പിക്കാം. ഇന്ധന ഉപയോഗം ഏറ്റവും കുറവായിരിക്കും. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍1 പോയിന്റില്‍ പാര്‍ക്ക് ചെയ്യുന്നതിനാലാണ് ആദിത്യ എല്‍ 1 എന്ന പേര്. ഇവിടെ നിന്ന് ആദിത്യക്ക് സൂര്യനെ മുഴുവൻ സമയവും തടസങ്ങളില്ലാതെ കാണാനാകും.
സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും ബാഹ്യമേഖലയായ കൊറോണ, കൊറോണയ്ക്ക് താഴെയുള്ള സുതാര്യ വലയമായ ക്രോമോ സ്ഫിയര്‍, സൂര്യന്റെ ദൃശ്യപ്രതലമായ ഫോട്ടോ സ്ഫിയര്‍ എന്നിവ സംബന്ധിച്ച നിരീക്ഷണങ്ങളും ആദിത്യയുടെ ലക്ഷ്യമാണ്. സൂര്യനില്‍ നിന്നുള്ള കണങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണങ്ങളും ശൂന്യഭ്രമണപഥത്തിലെ കാന്തികമേഖല പഠിക്കാനുള്ള മാഗ്നറ്റിക് മീറ്ററും ആദിത്യയിലുണ്ടാകും.