പുരാവസ്തുവിൻ്റെ പേരിൽ തട്ടിപ്പ് നടത്തിയ മോൺസൺ മാവുങ്കാലിനെ ഉന്നത പോലീസ് മേധാവികൾ സഹയിച്ചതായി സംശയിക്കണമെന്ന് ബിജെപി വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തൻ്റെ അഭിപ്രായ പ്രകടനം നടത്തിയത്. പുരാവസ്തു തട്ടിപ്പിൽ ഉന്നത പോലീസ് മേധാവികളെ പ്രതി ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പല രീതിയിലും മോൺസണെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരാൻ ഈ ഉദ്യോഗസ്ഥർക്ക് അവസരം ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
അഡ്വ: ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങിനെ,
മോൻസന്റെ മ്യൂസിയത്തിൽ പോയി ഇരുന്നും നിന്നും കിടന്നും ഫോട്ടോക്ക് പോസ് ചെയ്ത ഉന്നത പോലീസ് മേധാവികൾ ഗുരുതരമായ കൃത്യനിർവ്വഹണ ലംഘനമാണ് നടത്തിയിരിക്കുന്നത്. മോൻസന്റെ പുരാവസ്തു സാമഗ്രഹികൾ മോശയുടെ അംശവടി അടക്കം ഒർജിനൽ ആണെന്ന് ഈ പോലീസ് ഉദ്യോഗസ്ഥർക്ക് മ്യൂസിയം കാണാൻ പോയപ്പോൾ ധാരണ ഉണ്ടായിരുന്നു എങ്കിൽ മുൻ ഡി ജി പി യും ഇന്നത്തെ എ ഡി ജി പിയും ഇന്ത്യൻ പുരാവസ്തു നിയമപ്രകാരം ജില്ല കളക്ടറെ വിവരം അറിയിക്കുകയൊ, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയെ അറിയിക്കുകയൊ, പുരാവസ്തു ശേഖരണത്തിന് രജിസ്ട്രഷൻ എടുപ്പിക്കുകയൊ വേണമായിരുന്നു. പെർമിറ്റും ലൈസൻസും ഉണ്ടൊ എന്ന് അന്വേഷിക്കണമായിരുന്നു. ഇതൊന്നും ചെയ്യാതെ ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കിൽ ഇടുമ്പോൾ തട്ടിപ്പ്കാരന് ലജിറ്റ മസി ഉണ്ടാക്കാൻ കൂട്ട് നിന്നു എന്ന് ഉറപ്പാണ്. അഥവ ഇത് ഒർജിനൽ അല്ല എന്ന് ഈ പോലീസ് സംഘത്തിന് തോന്നിയിരുന്നങ്കിൽ ഇവർ മോൻസന്റെ തട്ടിപ്പിന് കൂട്ട് നിന്നൊ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. രണ്ടായാലും ഈ പോലീസ് സംഘം മോൻസന്റെ സഹായികളായി ഗുരുതരമായ കൃത്യവിലോപം നടത്തിയിരിക്കുന്നു. ഇന്ത്യയിലെ നിലവിലുള്ള പുരാവസ്തു നിയമം അറിയാത്തവരാണ് ഉന്നത പോലീസ് സംഘം എന്ന് കരുതിക്കൂടാ. മാത്രമല്ല 2018 ലും 19 ലും 20 ലും മോൻസ നെതിരെ കിട്ടിയ എല്ലാ തെളിവുകളും പരവതാനിക്കടിയാൽ തള്ളാനാണ് ഈ പോലീസ് സംഘം ശ്രമിച്ചത്. അതുകൊണ്ട് തന്നെ കേരള അഭ്യന്തര മന്ത്രാലയം ഈ തട്ടിപ്പ്ക്കരന് സഹായിയായ പ്രവർത്തിച്ചിരുന്നൊ എന്നും അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ മന്ത്രാലയം എന്തു കൊണ്ട് ഇത്രയും നാൾ മോൻസന് എതിരായ പരാതികളിൽ നടപടി എടുത്തില്ല എന്നതും പൊതു സുഹത്തിന് അറിയേണ്ടതുണ്ട്. മോൻസന്റെ സഹായികളായ ഇന്നത്തെഉന്നത പോലീസ് മേധാവികളെ പ്രതി ചേർത്ത് കൃത്യനിർവ്വഹണ ലംഘനത്തിനും തട്ടിപ്പിന് സഹായികളായി പ്രവർത്തിച്ചതിനും കേസ്സ് രജിസ്റ്റർ ചെയ്യാൻ കേരളത്തിലെ ആഭ്യന്തര മന്ത്രാലയം തയ്യാറാകണം.