അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടനപരമ്പര കേസില്‍ വിധി. 49 പേർ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു. കേസില്‍ 77 പേരാണ് വിചാരണ നേരിട്ടത്. 28 പേരെ കോടതി വെറുതെ വിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ ബുധനാഴ്ച കോടതി വ്യക്തമാക്കും.
ഏതാണ്ട് 13 വർഷമാണ് വിചാരണ നീണ്ടുനിന്നത്. 2008 -ലാണ് 56 പേർ കൊല്ലപ്പെടുകയും 200 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സ്ഫോടനപരമ്പര നടന്നത്.
കഴിഞ്ഞ സംപ്തംബറിലാണ് കേസിൽ വിചാരണ പൂര്‍ത്തിയായത്. ഗുജറാത്തിലെ ഏറ്റവും നിർണായകമായ സ്ഫോടന പരമ്പര കേസിന്റെ വിധിയാണ് പ്രത്യേക ജഡ്ജി എ.ആർ. പട്ടേൽ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, കേസിൽ വിധി പ്രസ്താവിക്കുന്നതിനായി പലതവണ അറിയിപ്പ് നൽകിയിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. സ്ഫോടന പരമ്പരയ്ക്ക് നിരോധിത ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദ്ദീനുമായി (ഐഎം) ബന്ധമുള്ളവരാണ് എന്ന് പൊലീസ് പറഞ്ഞിരുന്നു.
2002 -ൽ ഗുജറാത്തിൽ നടന്ന ഗോധ്ര കലാപത്തിന് പ്രതികാരമായാണ് ഐഎമ്മുമായി ബന്ധമുള്ള ഭീകരർ സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും പൊലീസ് ആരോപിച്ചിരുന്നു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലെ ട്രോമാ സെന്റർ ഉൾപ്പെടെ പലയിടത്തും അന്ന് സ്ഫോടനങ്ങൾ നടന്നു.