എ.ഐ. പഠനം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി കേരളം

May 30, 2024
46
Views

സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലു ലക്ഷത്തിലധികം കുട്ടികള്‍ പുതിയ അധ്യയന വർഷത്തില്‍ ഐ.സി.ടി. പാഠപുസ്തകത്തിലൂടെ നിർമിത ബുദ്ധിയും പഠിക്കും.

മനുഷ്യരുടെ മുഖഭാവവും തിരിച്ചറിയുന്ന ഒരു എ.ഐ. പ്രോഗ്രാം കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന വിധമാണ് ‘കമ്ബ്യൂട്ടർ വിഷൻ’ എന്ന അധ്യയത്തിലെ പ്രവർത്തനം. കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന ഈ പ്രോഗ്രാം ഉപയോഗിച്ച്‌ ഒരാളുടെ മുഖത്തുണ്ടാകുന്ന ഏഴ് വരെ ഭാവങ്ങള്‍ തിരിച്ചറിയാൻ കമ്ബ്യൂട്ടറിന് സാധിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ക്ലാസിലെ മുഴുവൻ കുട്ടികള്‍ക്കും ഒരേപോലെ എ.ഐ. പഠിക്കാൻ അവസരം ലഭിക്കുന്നത്.

ഈ അദ്ധ്യയന വർഷം 1, 3, 5, 7 ക്ലാസുകളിലേയ്ക്കാണ് മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയങ്ങളിലായി പുതിയ ഐ.സി.ടി. പുസ്തകങ്ങളെത്തുന്നത്. കുട്ടിയുടെ കാര്യകാരണ ചിന്ത, വിശകലന ശേഷി, പ്രശ്‌ന നിർധാരണശേഷി എന്നിവ വികസിപ്പിക്കുന്നത് അവരുടെ സർവതോന്മുഖമായ വികാസത്തെ സ്വാധീനിക്കും എന്ന് പാഠ്യപദ്ധതി ചട്ടക്കൂടില്‍ പരാമർശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് യുക്തിചിന്ത, പ്രോഗ്രാമിംഗ് അഭിരുചി വളർത്തല്‍ എന്നിവയ്ക്ക് പ്രത്യേക പരിഗണന പ്രൈമറി തലത്തിലെ ഐ.സി.ടി. പാഠപുസ്തകങ്ങളില്‍ നല്‍കിയിട്ടുള്ളത്.

സ്‌ക്രാച്ചില്‍ വിഷ്വല്‍ പ്രോഗ്രാമിംഗ് പഠിച്ച്‌ മുന്നറിവു നേടുന്ന കുട്ടിക്ക് പ്രോഗ്രാമിംഗ്, എ.ഐ., റോബോട്ടിക്‌സ് തുടങ്ങിയവ പരിശീലിക്കാൻ സമാനമായ ‘പിക്‌റ്റോബ്ലോക്ക്’ പാക്കേജാണ്, പാഠപുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി ആവശ്യമായ മുഴുവൻ സോഫ്റ്റ്‌വെയറുകളും കൈറ്റ് സ്‌കൂളുകളിലെ ലാപ്‌ടോപ്പുകളില്‍ ലഭ്യമാക്കും.

ഒന്ന്, മൂന്ന് ക്ലാസുകളിലേയ്ക്കുള്ള പുതിയ ഐ.സി.ടി. പാഠപുസ്തകത്തില്‍ ചിത്രരചന, വായന, അക്ഷരശേഷി, സംഖ്യാബോധം, ചതുഷ്‌ക്രിയകള്‍, താളം തുടങ്ങിയവ ഉള്‍പ്പെടുന്ന ജികോബ്രിസ്, എജ്യൂആക്ടിവേറ്റ്, ഒമ്‌നിടെക്‌സ്, ടക്‌സ്‌പെയിന്റ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത എഡ്യൂക്കേഷൻ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ കൈറ്റ് തയ്യാറാക്കിയ ട്രാഫിക് സിഗ്‌നല്‍, വേസ്റ്റ് ചാലഞ്ച് ആപ്ലിക്കേഷനുകളിലൂടെ ട്രാഫിക് നിയമങ്ങള്‍, മാലിന്യ നിർമാർജനം തുടങ്ങിയവ ഗെയിമുകളിലൂടെ കുട്ടികള്‍ പരിചയപ്പെടുന്നു. ലാംഗ്വേജ് ലാബുകളും പുതിയ പാഠപുസ്തകത്തിലുണ്ട്.

ഒരേ സമയം ജീവിത നൈപുണി പരിപോഷിക്കുന്ന പ്രായോഗിക ഐ.സി.ടി. പ്രവർത്തനങ്ങള്‍ അവതരിപ്പിക്കുമ്ബോഴും മറ്റു വിഷയങ്ങളുടെ പഠനത്തിന് സഹായിക്കുകയും സൈബർ സുരക്ഷ, വ്യാജവാർത്ത തിരിച്ചറിയല്‍ തുടങ്ങിയവയ്ക്ക് മാർഗ നിർദേശം നല്‍കുകയും ചെയ്യുന്ന തരത്തിലാണ് പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങളെന്ന് ഐ.സി.ടി. പാഠപുസ്തക സമിതി ചെയർമാനും കൈറ്റ് സി.ഇ.ഒ.യുമായ കെ. അൻവർ സാദത്ത് പറഞ്ഞു.

പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങളില്‍ മുഴുവൻ പ്രൈമറി അധ്യാപകർക്കും പരിശീലനം നല്‍കാൻ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചതനുസരിച്ച്‌ ജൂണ്‍ മാസം മുതല്‍ ആരംഭിക്കും. അടുത്ത വർഷം 2, 4, 6, 8, 9, 10 ക്ലാസുകള്‍ക്ക് പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങള്‍ വരും. അധ്യാപകർക്കുള്ള എഐ പരിശീലനം മെയ് മാസത്തില്‍ 20120 അധ്യാപകർ പൂർത്തിയാക്കി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *