ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ക്യാമറകള്‍ വഴി പിഴചുമത്താൻ തുടങ്ങിയ ആദ്യ ദിനമായ ഇന്നലെ ജില്ലയില്‍ കുടുങ്ങിയത് 105 പേര്‍.
ആലപ്പുഴ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ക്യാമറകള്‍ വഴി പിഴചുമത്താൻ തുടങ്ങിയ ആദ്യ ദിനമായ ഇന്നലെ ജില്ലയില്‍ കുടുങ്ങിയത് 105 പേര്‍.
ആദ്യദിവസമായതിനാല്‍ ട്രയല്‍ മോഡലിലാണ് നിയമലംഘകരെ കണ്ടെത്തിയതന്നതിനാല്‍ പിഴ ചുമത്തേണ്ടവരുടെ പട്ടികയില്‍ നിയമലംഘകരുടെ എണ്ണം കുറവായിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്നലെ ശേഖരിച്ച ലിസ്റ്റ് പ്രകാരം ഇന്നാണ് വാഹന ഉടമകള്‍ക്കുള്ള ചെല്ലാൻ തയ്യാറാക്കുക. ഇതോടെ, നിയമലംഘനം നടത്തിയ വാഹനത്തിന്റെ ഉടമയുടെ മൊബൈല്‍ നമ്ബരിലേക്ക് അറിയിപ്പ് എത്തിതുടങ്ങും. വൈകാതെ മേല്‍വിലാസത്തില്‍ നോട്ടീസും എത്തും.
ഹെല്‍മറ്റും, സീറ്റ് ബെല്‍റ്റും ധരിക്കാത്ത കേസുകളാണ് ക്യാമറ കണ്ണുകളില്‍ വ്യാപകമായി കുടുങ്ങിയത്. ഏപ്രില്‍ 20ന് ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ആദ്യ പ്രഖ്യാപനം വന്ന ദിവസം മുതല്‍ ഒരു മാസക്കാലയളവില്‍ ജില്ലയിലെ അപകട നിരക്കില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍.
ഏപ്രില്‍ 20 മുതല്‍ മേയ് 20 വരെ അപകടനിരക്കില്‍ 37 ശതമാനവും, മരണ നിരക്കില്‍ 42 ശതമാനവും കുറവ് വന്നിട്ടുണ്ട്. നിരീക്ഷണ ക്യാമറകള്‍ക്ക് മുന്നിലെത്തുമ്ബോള്‍ നമ്ബര്‍ പ്ലേറ്റ് കൈകൊണ്ട് മറയ്ക്കുന്നതടക്കമുള്ള പൊടിക്കൈകള്‍ ഇന്നലെയും പരീക്ഷിച്ചവരുണ്ട്.