മണിക്കൂറില്‍ 1240 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്ക് ഓടിച്ചതായി റോഡ് ക്യാമറ; മൊത്തത്തില്‍ കുഴപ്പം

June 8, 2023
110
Views

മണിക്കൂറില്‍ 1240 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്ക് ഓടിച്ചതായി റോഡ് ക്യാമറയുടെ കണ്ടെത്തല്‍ !

തിരുവനന്തപുരം : മണിക്കൂറില്‍ 1240 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്ക് ഓടിച്ചതായി റോഡ് ക്യാമറയുടെ കണ്ടെത്തല്‍ !

ഇത്തരത്തിലുള്ള ഒട്ടേറെ പൊരുത്തക്കേടുകള്‍ കാരണം പിഴ ചുമത്തിയുള്ള ചലാൻ തല്‍ക്കാലം അയയ്ക്കരുതെന്നു ഗതാഗത കമ്മിഷണറുടെ ഓഫിസില്‍നിന്ന് ഇന്നലെ മോട്ടര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍മാര്‍ക്കു (എംവിഐ) വാക്കാല്‍ നിര്‍ദേശം നല്‍കി. പ്രത്യേക ഉത്തരവിറക്കാതെ കുറെ ഉദ്യോഗസ്ഥര്‍ക്കു വാട്സാപ് സന്ദേശവും കൈമാറി.

സേഫ് കേരള എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലുള്ള എംവിഐമാരെയും എഎംവിഐമാരെയും കണ്‍ട്രോള്‍ റൂമില്‍ നിയോഗിച്ച്‌ ഓരോ കുറ്റവും പരിശോധിച്ച്‌ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ശരാശരി 1000 ചിത്രങ്ങള്‍ വരെയേ പരമാവധി ഓരോ കണ്‍ട്രോള്‍ റൂമിലും പ്രതിദിനം പരിശോധിക്കാൻ കഴിയൂവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ഒരു കണ്‍ട്രോള്‍ റൂമില്‍ കംപ്യൂട്ടറില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തപ്പോള്‍ ഹെല്‍മറ്റ് ഇല്ലാത്ത കുറ്റത്തിന് ‘മണിക്കൂറില്‍ 1240 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിച്ചു’ എന്നാണു ചലാൻ തയാറായത്. അപ്പോള്‍തന്നെ എല്ലാ ചലാനും റദ്ദാക്കി ഉദ്യോഗസ്ഥര്‍ തടിയൂരി. ഹെല്‍മറ്റ് ഇല്ലെന്നും സീറ്റ് ബെല്‍റ്റ് ഇല്ലെന്നും ക്യാമറയുടെ എഡ്‌ജ്‌ കംപ്യൂട്ടിങ്ങില്‍ രണ്ടിടത്തു കണ്ടെത്തിയെങ്കിലും കണ്‍ട്രോള്‍ റൂമിലെ വിശദപരിശോധനയില്‍ രണ്ടും തെറ്റായിരുന്നെന്നു വ്യക്തമായി. നമ്ബര്‍ പ്ലേറ്റില്‍ ഒരു സ്ക്രൂ ഉണ്ടെങ്കില്‍ അതു പൂജ്യമായാണ് ക്യാമറ വിലയിരുത്തുന്നത്.

എണ്ണം പെരുപ്പിച്ചുകാട്ടുന്നെങ്കിലും ഇതുവരെ ഒരു ഇ-ചലാൻ പോലും ക്യാമറ വഴി ജനറേറ്റ് ചെയ്തിട്ടില്ലാത്ത ജില്ലകളുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള ക്യാമറകളില്‍നിന്നു കണ്‍ട്രോള്‍ റൂമിലേക്കുള്ള ഡേറ്റാ ട്രാൻസ്ഫറിനു വേഗം തീരെയില്ല. തലേദിവസത്തെ ചിത്രങ്ങളാണ് ഓരോ ദിവസവും കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *