എ.ഐ. ക്യാമറ വിവാദത്തില്‍ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുമായി കരാര്‍ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായിരുന്ന ലൈറ്റ് മാസ്‌റ്റര്‍ കമ്ബനിയുടെ മാനേജിങ് ഡയറക്‌ടര്‍ ജെയിംസ് പാലമറ്റത്തില്‍.
തിരുവനന്തപുരം : എ.ഐ. ക്യാമറ വിവാദത്തില്‍ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുമായി കരാര്‍ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായിരുന്ന ലൈറ്റ് മാസ്‌റ്റര്‍ കമ്ബനിയുടെ മാനേജിങ് ഡയറക്‌ടര്‍ ജെയിംസ് പാലമറ്റത്തില്‍.
പദ്ധതിയുടെ ലാഭവിഹിതം ഭരണത്തുടര്‍ച്ചയ്‌ക്കായി നല്‍കേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ ബന്ധുവിനു പങ്കാളിത്തമാരോപിക്കപ്പെടുന്ന പ്രസാഡിയോ കമ്ബനിയുടെ എം.ഡി: ഒ.ബി. രാംജിത്ത് പറഞ്ഞതായാണു ജെയിംസിന്റെ വെളിപ്പെടുത്തല്‍. ഇത് അംഗീകരിക്കാനാവാത്തതിനാല്‍ കണ്‍സോര്‍ഷ്യത്തില്‍നിന്നു തന്റെ കമ്ബനി പിന്‍വാങ്ങുകയായിരുന്നെന്നും ജെയിംസ് പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്താണു പദ്ധതിയുടെ കമ്മിഷന്‍ തുടര്‍ഭരണത്തിനായി നല്‍കേണ്ടിവരുമെന്നു രാംജിത്ത് പറഞ്ഞത്. പദ്ധതിക്കായി പ്രധാന കരാര്‍ കമ്ബനിയായ എസ്.ആര്‍.ഐ.ടി. രൂപീകരിച്ച കണ്‍സോര്‍ഷ്യത്തില്‍ പ്രസാഡിയോയ്‌ക്കൊപ്പം തുടക്കത്തില്‍ ലൈറ്റ് മാസ്‌റ്റര്‍ കമ്ബനിയുമുണ്ടായിരുന്നു. എ.ഐ. ക്യാമറകള്‍ വാങ്ങാനുള്ള ചുമതല ലൈറ്റ് മാസ്‌റ്ററിനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് ലാഭവിഹിതത്തില്‍നിന്നുള്ള വിഹിതം ഉദ്യോഗസ്‌ഥര്‍ക്കും തുടര്‍ഭരണം ഉറപ്പാക്കാനും നല്‍കേണ്ടിവരുമെന്നു രാംജിത്ത് പറഞ്ഞതെന്നു ജെയിംസ് വെളിപ്പെടുത്തി. ഈ കമ്മീഷന്‍ ഉള്‍പ്പെടെയാണ് 151 കോടി രൂപയുടെ എസ്‌റ്റിമേറ്റ് തയാറാക്കിയത്. ഇതില്‍നിന്ന് യഥാര്‍ത്ഥ ചെലവ് കഴിച്ചുള്ളതു വീതിച്ചെടുക്കാമെന്നാണു പറഞ്ഞത്. അതില്‍ത്തന്നെ 60% പ്രസാഡിയോയ്‌ക്ക്. ഇത് അംഗീകരിക്കാനാവാത്തതിനാല്‍ പദ്ധതിയില്‍നിന്നു പിന്മാറുകയായിരുന്നെന്നും ജെയിംസ് വ്യക്‌തമാക്കി. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ്‌ബാബുവിന്റെ ബിനാമിയാണു രാംജിത്തെന്നു ബി.ജെ.പി. സംസ്‌ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
ധാരണാപത്രമായില്ല; പിഴയിലും പിഴച്ചു!
തിരുവനന്തപുരം: വിവാദം കത്തിപ്പടരുമ്ബോഴും എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗതനിയമലംഘനങ്ങളില്‍ പിഴ ഈടാക്കുന്നത് അനിശ്‌ചിതത്വത്തില്‍. ഒരുമാസത്തെ ബോധവത്‌കരണത്തിനുശേഷം ഈമാസം 20 മുതല്‍ പിഴ ഈടാക്കാനായിരുന്നു തീരുമാനം.
കെല്‍ട്രോണും മോട്ടോര്‍ വാഹനവകുപ്പും തമ്മിലുള്ള ധാരണാപത്രത്തില്‍ തീരുമാനമാകാത്തതിനാലാണു പിഴ ഈടാക്കലും അനിശ്‌ചിതത്വത്തിലായത്. ക്യാമറ വിവാദം സംബന്ധിച്ച വിജിലന്‍സ്, വകുപ്പുതല അന്വേഷണങ്ങള്‍ക്കുശേഷമേ ഇനി ധാരണാപത്രം ഒപ്പിടാന്‍ സാധ്യതയുള്ളൂ.
സേഫ് കേരള പദ്ധതിയില്‍ എ.ഐ. ക്യാമറ ഗതാഗതനിയമലംഘനം കണ്ടെത്തിയാല്‍ കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ സോഫ്‌റ്റ്‌വേര്‍ മുഖേന വാഹന ഉടമയ്‌ക്ക് ആദ്യം എസ്.എം.എസും പിന്നാലെ ഇ-ചെലാനും അയയ്‌ക്കാനായിരുന്നു തീരുമാനം. എന്നാല്‍, എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ ഒരുമാസത്തേക്കു പിഴ ഒഴിവാക്കി ബോധവത്‌കരണം മതിയെന്നു മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു. ഇതോടെ പദ്ധതി നടത്തിപ്പുകാരായ കെല്‍ട്രോണ്‍ വെട്ടിലായി.
പിഴ ചുമത്താതെ ബോധവത്‌കരണ നോട്ടീസ് അയയ്‌ക്കാനുള്ള ചെലവ് വകുപ്പ് വഹിക്കണമെന്നു കെല്‍ട്രോണ്‍ നിലപാടെടുത്തു. കരാര്‍പ്രകാരം അത് കെല്‍ട്രോണ്‍തന്നെ ചെയ്യണമെന്നു മോട്ടോര്‍ വാഹനവകുപ്പും ശഠിച്ചതോടെയാണ് ധാരണാപത്രം അനിശ്‌ചിതത്വത്തിലായത്.