എയർഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്സ്പ്രസില്‍ ലയിപ്പിക്കാൻ ടാറ്റ: ലക്ഷ്യം പ്രവർത്തന ചെലവ് കുറയ്ക്കുക

November 19, 2021
413
Views

ന്യൂ ഡെൽഹി: 67 വര്‍ഷങ്ങള്‍ക്കു ശേഷം എയര്‍ ഇന്ത്യ, ടാറ്റ ഗ്രൂപ്പ് തിരിച്ചുപിടിച്ചതിന് പിന്നാലെ കമ്പനിക്ക് കീഴിലെ എയര്‍ഏഷ്യ ഇന്ത്യയെ ലയിപ്പിക്കാന്‍ ടാറ്റ സണ്‍സ് ലിമിറ്റഡ്. എയര്‍ ഇന്ത്യക്ക് കീഴിലെ ബജറ്റ് എയര്‍ലൈന്‍സാണ് എയര്‍ഏഷ്യ ഇന്ത്യ. ടാറ്റക്ക് കീഴിലെ ചെലവ് കുറഞ്ഞ എയർലൈൻ എന്ന ഖ്യാതിയുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എയര്‍ഏഷ്യയെ ലയിപ്പിക്കുന്നതിലൂടെ പ്രവര്‍ത്തന ചെലവ് കുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആയാസരഹിതമായ കൂട്ടായ പ്രവര്‍ത്തനത്തിനും പുതിയ നീക്കം ഗുണം ചെയ്യുമെന്ന് ടാറ്റ കണക്കുകൂട്ടുന്നു. ഇത് ഈ ഘട്ടത്തിലെ ഏറ്റവും യുക്തിസഹമായ നീക്കമാണ്, എയർ ഏഷ്യയിൽ ടാറ്റയ്ക്ക് ഭൂരിപക്ഷമുള്ളതിനാൽ ലയനം എളുപ്പമാണ്. ഒരുപാട് കാലമായി കമ്പനി ആസൂത്രണം ചെയ്യുന്ന ഒരോറ്റ എയർലൈൻ എന്ന ആശയം വേഗത്തിൽ സജ്ജീകരിക്കാൻ ലയനം സഹായിക്കുമെന്ന് ടാറ്റയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ഡെയിലി റിപ്പോര്‍ട്ട് ചെയ്തു.

എയര്‍ഏഷ്യ ഇന്ത്യയുടെ 84 ശതമാനം ഓഹരികളും ടാറ്റക്ക് സ്വന്തമാണ്. സിംഗപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിംഗപൂര്‍ എയര്‍ലൈന്‍സിലും വിസ്താരയിലും 51 ശതമാനത്തോളം ഓഹരികളും എയര്‍ഇന്ത്യക്കുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ 18,000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യയെ ടാറ്റ സ്വന്തമാക്കിയത്. കൈമാറ്റം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

1932ല്‍ ടാറ്റ എയര്‍ലൈന്‍സ് എന്ന പേരിലാണ് വിമാന കമ്പനി സ്ഥാപിതമായത്. 1953ല്‍ ഇത് സര്‍ക്കാര്‍ ദേശസാത്കരിച്ചു. എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എയര്‍ ഇന്ത്യയ്ക്കുള്ള ഓഹരിയും എയര്‍പോര്‍ട്ട് സര്‍വീസ് കമ്പനിയായ സാറ്റ്‌സിന്റെ അന്‍പതു ശതമാനം ഓഹരിയും കൈമാറും. എയര്‍ ഇന്ത്യയുടെ ഓഹരി 100 ശതമാനം വിറ്റഴിക്കാന്‍ കേന്ദ്രം കഴിഞ്ഞ മാര്‍ച്ചിലായിരുന്നു തീരുമാനിച്ചത്. എയര്‍ ഇന്ത്യക്ക് 60,000 കോടിയുടെ കടമുണ്ടെന്ന് കേന്ദ്രം അന്ന് അറിയിച്ചിരുന്നു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *