സർവീസ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം മുഴുവൻ ടിക്കറ്റുകളും വിറ്റു: പൂർവേഷ്യൻ രാജ്യങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയ പരീക്ഷണസർവീസ് വൻ വിജയം

November 13, 2021
307
Views

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് പൂർവേഷ്യൻ രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയ പരീക്ഷണസർവീസ് വൻ വിജയമെന്നു വിലയിരുത്തൽ. കോഴിക്കോട്ടുനിന്നു തിരുച്ചിറപ്പള്ളിവഴിയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സിംഗപ്പൂരിലേക്കു പറന്നത്. നവംബർ നാല്, അഞ്ച് തീയതികളിലായിരുന്നു സർവീസുകൾ.

സർവീസ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകംതന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു. രാത്രി 7.15-ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട് പുലർച്ചെ നാലിന് സിംഗപ്പൂരിൽ എത്തുകയും അഞ്ചിന് തിരിച്ചു പുറപ്പെട്ട് 8.15-ന് കോഴിക്കോട്ടെത്തുകയും ചെയ്യുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരുന്നത്. നവംബർ 26 വരെ സർവീസ് തുടരാനാണ് ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനിച്ചിരിക്കുന്നത്.

യാത്രക്കാർ വർധിക്കുന്ന മുറയ്ക്കു നേരിട്ട് കോഴിക്കോട്ടു നിന്ന് സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കാനും തയ്യാറായേക്കും. മലബാർ മേഖലയിൽനിന്നാണ് പ്രധാനമായും പൂർവേഷ്യൻ രാജ്യങ്ങളിലേക്ക് യാത്രക്കാരുള്ളത്. ബിസിനസ് ആവശ്യാർത്ഥവും ടൂറിസത്തിനുമായി നിരവധിപേരാണ് മലബാർ മേഖലയിൽനിന്ന് സിംഗപ്പൂർ, മലേഷ്യ, തായ് വാൻ എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുന്നത്.

നിലവിൽ കൊച്ചി വഴിയോ, ചെന്നൈ വഴിയോ ആണ് ഇവരിലേറെപ്പേരും യാത്രചെയ്യുന്നത്. വലിയ സമയനഷ്ടമാണ് ഇതുവഴി ഉണ്ടാകുന്നത്. കോഴിക്കോട്ടു നിന്ന് സർവീസ് ആരംഭിക്കുന്നതോടെ ഇതിന് പരിഹാരമാകും.

സിൽക്ക് എയർ, ടൈഗർ എയർ, എയർ ഏഷ്യ തുടങ്ങിയ ചെലവുകുറഞ്ഞ വിമാനക്കമ്പനികൾ നേരത്തേ കോഴിക്കോട്ടുനിന്ന് പൂർവേഷ്യൻ രാജ്യങ്ങളിലേക്ക് സർവീസിന് അനുമതി ആവശ്യപ്പെട്ട് മുന്നോട്ടുവന്നിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇവരുടെ അപേക്ഷകൾ നിരസിക്കപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നതോടെ ഇവരും സർവീസിന് മുന്നോട്ടുവരും. ഇതോടെ ചുരുങ്ങിയ ചെലവിൽ കോഴിക്കോട്ടുനിന്നും ഇവിടങ്ങളിലേക്ക് പറക്കാൻ സാധിക്കും.

വിനോദസഞ്ചാരത്തിനും കൈത്തറിമേഖലയ്ക്കും സർവീസ് ഏറെ ഗുണകരമാവും. പൂർവേഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്ന സഞ്ചാരികൾ കൂടുതലായി കരിപ്പൂരിനെ ആശ്രയിക്കുന്നത് വിമാനത്താവളത്തിനു നേട്ടമാവും. കൈത്തറി ഉത്പന്നങ്ങളുടെ പ്രധാന വിപണിയാണ് പൂർവേഷ്യൻ രാജ്യങ്ങൾ.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *