ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനമിറങ്ങി

March 14, 2024
17
Views

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനം ഇറക്കി.

കോട്ടയം: ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനം ഇറക്കി. കോടതിയില്‍ കേസ് നിലനില്‍ക്കുന്ന അയന ചാരിറ്റബിള്‍ ട്രസ്റ്റിന്‍റേതടക്കം 441 പേരുടെ ഭൂമിയുടെ വിശദാംശങ്ങളാണ് വിജ്ഞാപനത്തിലുള്ളത്.

ആക്ഷേപം ഉള്ളവർ 15 ദിവസത്തിനകം അറിയിക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. 1000.28 ഹെക്ടർ ഭൂമിയാണ് വിമാനത്താവള നിര്‍മാണത്തിനായി ഏറ്റെടുക്കുക.

കോട്ടയം സ്പെഷല്‍ തഹസില്‍ദാർക്കാണ് ഭൂമി ഏറ്റെടുക്കല്‍ ചുമതല. പദ്ധതിയുടെ അഡ്മിനിസ്ട്രേറ്ററായി കോട്ടയം ഡെപ്യൂട്ടി കലക്ടറെയും നിയമിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിലൂടെ ശബരിമല ക്ഷേത്രത്തിലേക്ക് സുഗമമായ യാത്ര ഉറപ്പാക്കാനാകുമെന്ന് വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രദേശത്ത് കച്ചവടം നടത്തുന്നവര്‍ക്കും വീട് നഷ്ടമാകുന്ന കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് വിജ്ഞാപനത്തിലുണ്ട്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. എന്നാല്‍, നഷ്ട പരിഹാരത്തുക സംബന്ധിച്ച്‌ വ്യക്തതയില്ലെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ചെറുവള്ളി എസ്റ്റേറ്റിലുള്ളപ്പോള്‍ റണ്‍വേക്കായി പുറത്തുനിന്ന് ഭൂമി ഏറ്റെടുക്കുന്നതിലെ ആശങ്കയാണ് പ്രദേശവാസികള്‍ പങ്കുവെക്കുന്നത്. നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമി സംബന്ധിച്ച പരാതിയില്‍ തീരുമാനമായശേഷം പുറത്തുനിന്ന് ഭൂമി ഏറ്റെടുക്കല്‍ മതിയെന്നായിരുന്നു പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായി ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയുള്ള വിജ്ഞാപനമാണ് സർക്കാർ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *