തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി മദ്യക്കടത്ത്: കസ്റ്റംസ് സൂപ്രണ്ട് അടക്കം നാല് പേർക്കെതിരേ സിബിഐ കുറ്റപത്രം

December 22, 2021
124
Views

കൊച്ചി: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയുള്ള മദ്യക്കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ട് അടക്കം നാല് പേർക്കെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോർജ് ആണ് കേസിൽ ഒന്നാം പ്രതി. ഡ്യൂട്ടി ഫ്രീ കമ്പനിയായ പ്ലസ് മാക്സ് സി.ഇ.ഒ സുന്ദരവാസനും മറ്റ് രണ്ട് ജീവനക്കാരുമാണ് മറ്റു പ്രതികൾ. ലൂക് ജോർജ് ഇപ്പോഴും സർവീസിലുണ്ട്.

2019ലാണ് കേസിനാസ്പദമായ സംഭവം. യാത്രക്കാരുടെ വ്യാജപ്പേരിൽ ആറ് കോടി രൂപയുടെ മദ്യം ഡ്യൂട്ടി ഷോപ്പ് വഴി പുറത്തേക്ക് കടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ആണ് സംഭവം ആദ്യം കണ്ടെത്തിയത്. ഇതിന് ശേഷമാണ് സി.ബി.ഐ കേസന്വേഷണം നടത്തിയത്. പ്ലസ് മാക്സ് ജീവനക്കാരായ മദൻ, കിരൺ ഡേവിഡ് എന്നിവരാണ് കേസിലെ മൂന്നും നാലും പ്രതികൾ. കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ലൂക്ക് രണ്ട് വർഷത്തോളം ഒളിവിലായിരുന്നു.

ഇതിന് ശേഷം സി.ബി.ഐക്ക് മുന്നിൽ ഹാജരായി കീഴടങ്ങുകയായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം പിന്നീട് ജാമ്യം നേടുകയും ചെയ്തു. ഇത്രയേറെ നടപടികളുണ്ടായിട്ടും ലൂക്ക് ജോർജിനെ സസ്പെൻഡ് ചെയ്തിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. തന്റെ ഉന്നത സ്വാധീനമുപയോഗിച്ച് ഇയാൾ സർവീസിൽ തുടരുകയാണ്. ഇപ്പോൾ തിരുവനന്തപുരത്ത് ഓഡിറ്റ് വിഭാഗത്തിൽ സൂപ്രണ്ട് ആയി സർവീസിൽ തുടരുകയാണ് ലൂക്ക്.

മദ്യം പുറത്തേക്ക് കടത്താനായി 15ൽപ്പരം എയർലൈൻ കമ്പനികളിൽ നിന്ന് യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ചായിരുന്നു തട്ടിപ്പ്. കൈക്കുഞ്ഞുങ്ങളുടെ പാസ്പോർട്ട് വിവരങ്ങൾ ഉപയോഗിച്ചും മദ്യം കടത്തിയിരുന്നു. എയർലൈൻ കമ്പനികളിൽ നിന്ന് വിവരം ശേഖരിച്ച് ഡ്യൂട്ടി ഫ്രീ കമ്പനിക്ക് നൽകിയത് ലൂക്ക് ആണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *