ദുബായ്: കനത്ത മഴയും മോശം കാലാവസ്ഥയും ദുബായില്‍നിന്നുള്ള വിമാനസർവീസുകളെയും ബാധിച്ചു. കനത്ത മഴ കാരണം നിരവധി വിമാനസർവീസുകളാണ് അനന്തമായി വൈകുന്നത്.
ചില വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയുംചെയ്തു.
ദുബായില്‍നിന്ന് പുറപ്പെടുന്ന യാത്രക്കാർക്കുള്ള ചെക്ക് ഇൻ സസ്പെൻഡ് ചെയ്തതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഏപ്രില്‍ 17 ബുധനാഴ്ച രാവിലെ എട്ടുമണി മുതല്‍ അർധരാത്രി 12 മണിവരെയാണ് ചെക്ക് ഇൻ നിർത്തിവെച്ചത്. മോശം കാലാവസ്ഥയും റോഡിലെ തടസങ്ങളും കാരണമാണ് ചെക്ക് ഇൻ താത്കാലികമായി നിർത്തിവെച്ചതെന്നാണ് എമിറേറ്റ്സിന്റെ വിശദീകരണം. യാത്രക്കാർക്ക് റീബുക്കിങ്ങിനായി ബുക്കിങ് ഏജന്റുമാരുമായോ എമിറേറ്റ്സ് കോണ്‍ടാക്‌ട് സെന്ററുമായോ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിലും എത്തിച്ചേരുന്നതിലും താമസം നേരിട്ടേക്കാം. അതിനാല്‍ ഏറ്റവും പുതിയ ഷെഡ്യൂളുകള്‍ അറിയാനായി യാത്രക്കാർ എമിറേറ്റ്സ് വെബ്സൈറ്റ് പരിശോധിക്കണമെന്നും പ്രസ്താവനയിലൂടെ അഭ്യർഥിച്ചു.
മോശം കാലാവസ്ഥ കാരണം നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ സർവീസ് വൈകുകയോ ചെയ്തിട്ടുണ്ടെന്ന് ഫ്ളൈ ദുബായ് വക്താവും പ്രസ്താവനയിലൂടെ അറിയിച്ചു.