മറ്റു ജില്ലകളില്‍ അധികമുള്ള 14 പ്ലസ് വണ്‍ ബാച്ചുകള്‍ മലപ്പുറം ജില്ലയിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.
ശിവൻകുട്ടി.
തിരുവനന്തപുരം: മറ്റു ജില്ലകളില്‍ അധികമുള്ള 14 പ്ലസ് വണ്‍ ബാച്ചുകള്‍ മലപ്പുറം ജില്ലയിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.
ശിവൻകുട്ടി. എല്ലാ ജില്ലകളെയും സര്‍ക്കാര്‍ ഒരുപോലെയാണ് കാണുന്നതെന്നും മലപ്പുറത്തെ അവഗണിക്കുന്നു എന്ന രീതിയില്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് വണ്ണിന് 4,59,330 അപേക്ഷകളാണ് ലഭിച്ചത്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 3,70,590 സീറ്റുകളാണുള്ളത്. വി.എച്ച്.എസ്.ഇയില്‍ 33,030 സീറ്റുണ്ട്. അണ് എയ്ഡഡ് മേഖലയിലെ 54,585 സീറ്റുകളടക്കം ആകെ 4,58,205 സീറ്റുകളാണുള്ളത്. മലപ്പുറത്ത് 80,922 അപേക്ഷകരാണുള്ളത്. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 55,590 സീറ്റുകളുണ്ട്. അണ് എയ്ഡഡ് മേഖലയില്‍ 11,286 സീറ്റുകളും വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറിയില്‍ 2,820 സീറ്റുകളുമാണുള്ളത്. അണ് എയ്ഡഡില്‍ ഒരാള്‍ പോലും ചേരുന്നില്ലെങ്കില്‍ ഇനി 22,512 സീറ്റുകളാണ് വേണ്ടത്. അണ് എയ്ഡഡ് കൂടി പരിഗണിച്ചാല്‍ 11,226 സീറ്റുകള്‍ മതിയാവും.
മാര്‍ജിനല്‍ സീറ്റ് വര്‍ധനവിന് പുറമെ 81 താല്‍ക്കാലിക ബാച്ചുകള്‍ മുഖ്യഘട്ട അലോട്ട്മെന്റില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ മതിയായ വിദ്യാര്‍ഥികള്‍ ഇല്ലാത്ത 14 ബാച്ചുകള്‍ മലപ്പുറത്തേക്ക് ഒന്നാം അലോട്ട്മെന്റില്‍ പ്രയോജനം ലഭിക്കത്തക്കവിധം ഷിഫ്റ്റ് ചെയ്യും. ഈ വര്‍ഷം എസ്.എസ്.എല്‍.സി പാസായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കും വിധം മുഖ്യഘട്ട അലോട്ട്മെന്റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകള്‍ അനുവദിക്കും. എയ്ഡഡ് മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കും. ഉടൻ റിപ്പോര്‍ട്ട് നല്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താല്‍ക്കാലിക ബാച്ച് ആകും എയ്ഡഡ് മേഖലയില്‍ അനുവദിക്കുക. അടുത്ത വര്‍ഷത്തോടെ ശാശ്വത പരിഹാരം ഉണ്ടാകും. സാധ്യമായത് എല്ലാം ചെയ്ത് വടക്കൻ ജില്ലകളിലെ സീറ്റ് പ്രശ്നം പരിഹരിക്കും.
കാര്ത്തികേയൻ കമ്മിറ്റി സര്‍ക്കാരിന് കണക്കുകള്‍ പഠിക്കാൻ വേണ്ടിയുള്ള സമിതിയാണെന്നും ഇതിന്റെ റിപ്പോര്‍ട്ടില്‍ ഒരു രഹസ്യസ്വഭാവവും ഇല്ലെന്നും നിലവില്‍ റിപ്പോര്‍ട്ട് പുറത്തുവിടേണ്ട ആവശ്യം ഉള്ളതായി തോന്നിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.