പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം ജൂലൈ 24ന്
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം ജൂലൈ 24ന് രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും.
ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിക്കാന്‍ ജൂലൈ 20 വൈകീട്ട് 4 മണി വരെ അവസരം നല്‍കിയിരുന്നു.
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 19247 വേക്കന്‍സിയില്‍ പരിഗണിക്കുന്നതിനായി ലഭിച്ച 25410 അപേക്ഷകളില്‍ 24218 അപേക്ഷകള്‍ അലോട്ട്‌മെന്റിനായി പരിഗണിച്ചു. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളില്‍ പ്രവേശനം നേടിയ 489 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാല്‍ അര്‍ഹതയില്ലാത്തതുമായ 703 അപേക്ഷകളും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിച്ചിട്ടില്ല. സംവരണതത്വം അനുസരിച്ച് നിലവില്‍ ഉണ്ടായിരുന്ന വേക്കന്‍സി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്‌മെന്റിന് പരിഗണിച്ചിട്ടുള്ളത്.