അമ്പലമുക്ക് കൊലപാതകം; 3 പേരെ കേന്ദ്രീകരിച്ച് അന്വേഷണം

February 7, 2022
289
Views

തിരുവനന്തപുരം: അമ്പലമുക്കിൽ ചെടിക്കടയില്‍ ജോലി ചെയ്തിരുന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേരെ കേന്ദ്രീകരിച്ച് അന്വേഷണം. കൊലപാതകം നടന്ന അമ്പലനഗറിലെ സ്ഥാപനത്തില്‍ നിന്ന് ഇന്നലെ 11.30 ന് ശേഷം അമ്പലമുക്കിലേക്ക് നടന്നുപോയ മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഇതിലൊരാള്‍ കൊലപാതകി എന്നാണ് പൊലീസ് സംശയം. അമ്പലനഗറിന് ഇരുഭാഗത്തുമുള്ള മുഴുവൻ സിസിടിവികളും പൊലീസ് പരിശോധിച്ചു. അമ്പലമുക്കിലേക്കുള്ള സിസിടിവിയില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പാന്‍റ് ധരിച്ച രണ്ട് പേരും മുണ്ടുടുത്ത ഒരാളുമാണ് കൃത്യം നടന്നുവെന്ന് കരുതുന്ന സമയത്തിന് ശേഷം ഇത് വഴി പോയത്. ഇവരില്‍ ഒരാളിനെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചുവെന്നാണ് വിവരം.

കുറവൻകോണം ഭാഗത്തേക്ക് ആരും പോയതായി ദൃശ്യങ്ങളില്ല. ഇന്നലെ ഞാറാഴ്ച്ച നിയന്ത്രണമായതിനാല്‍ വാഹനങ്ങളും റോഡില്‍ അധികമുണ്ടായിരുന്നില്ല. വിനിതയുടെ ഫോണിലേക്ക് വന്ന കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. സംശയം തോന്നുള്ള കോളുകളൊന്നും ഈ ഫോണിലില്ലെന്നാണ് സൂചന.

ചെടി നനയ്ക്കാൻ രാവിലെ വിനീത കെട്ടിടത്തിന്‍റെ മട്ടുപ്പാവില്‍ കയറുന്നത് ചില പരിസരവാസികള്‍ കണ്ടിരുന്നു. അതിനുശേഷം സ്ഥാപനത്തില്‍ ആരോ എത്തി വിനീതയുമായി തര്‍ക്കം ഉണ്ടാകുകയും പിടിവലി നടത്തിയ ശേഷം കൊലപാതകം നടത്തിയെന്നുമാണ് പൊലീസ് പറയുന്നത്. വിനീതയുടെ ആഭരണം കൈക്കലാക്കാനായിരുന്നു കൊലപാതകമെന്നാണ് പൊലീസ് സംശയം.

സംഭവസ്ഥലത്ത് ഇന്നും പൊലീസ് പരിശോധന നടത്തി. വിനീതയെ കാണാതായതിനെ തുടര്‍ന്ന് മറ്റൊരു ജീവനക്കാരി സുനിതയാണ് സ്ഥാപനത്തില്‍ അന്വേഷിക്കാനെത്തിയത്. ഇവരാണ് മൃതദേഹം ആദ്യം കണ്ടത്. തനിക്ക് പകരമാണ് വിനീത ഇന്നലെ ജോലിക്കെത്തിയതെന്ന് സുനിത കണ്ണിരോടെ പറയുന്നു

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *