ഗുരുവായൂരപ്പൻ്റെ ഥാർ അമലിന് തന്നെ, ലേലമുറപ്പിച്ച് ഭരണസമിതി

December 21, 2021
189
Views

ഗുരുവായൂർ: മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂരിലേക്ക് കാണിക്കയായി സമർപ്പിച്ച ഥാറിൻ്റെ ലേലം ഉറപ്പിച്ച് ഗുരുവായൂർ ക്ഷേത്രഭരണസമിതി . അഞ്ച് ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും പങ്കെടുത്ത ക്ഷേത്രഭരണസമിതിയുടെ യോഗമാണ് ലേലം സാധുവാക്കി വാഹനം വിട്ടു കൊടുക്കാൻ തീരുമാനിച്ചത്. ഗുരുവായൂരിലെ മറ്റു ലേലനടപടികളിൽ എന്ന പോലെ ഥാർ ലേലം ചെയ്ത വിവരം ഇനി ഭരണസമിതി ദേവസ്വം കമ്മീഷണറെ ഔദ്യോഗികമായി അറിയിക്കും കമ്മീഷണർ ലേലം അംഗീകരിക്കുന്നതോടെ മുഴുവൻ പണവും അടച്ച് ഥാർ  അമൽ മുഹമ്മദലിക്ക് സ്വന്തമാക്കാം. 

സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ ഥാർ ലേലത്തിന് വച്ചപ്പോൾ വലിയ പ്രതികരണമുണ്ടാക്കും എന്നാണ് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രതീക്ഷിച്ചത്. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ഒരാൾ മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ എത്തിയത്. ഖത്തറിൽ വ്യവസായിയായ അമൽ മുഹമ്മദ് അലി എന്ന ചെറുപ്പക്കാരൻ്റെ പ്രതിനിധി മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ എത്തിയത്. ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂർ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോൾ പതിനായിരം രൂപ അമലിൻ്റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാൻ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിച്ചു. 

ലേലം ഉറപ്പിച്ച ശേഷം അമലിൻ്റെ പ്രതിനിധി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുമ്പോൾ വാഹനത്തിന് 21 ലക്ഷം രൂപ വരെ വിളിക്കാൻ തയ്യാറായിട്ടാണ് എത്തിയത് എന്ന് വെളിപ്പെടുത്തിയിരുന്നു. ഇതുകേട്ടതോടെ ഗുരുവായൂർ ദേവസ്വം ഭാരവാഹികൾ ആശയക്കുഴപ്പത്തിലായി. ദേവസ്വം ഭരണസമിതി ലേലം അംഗീകരിക്കേണ്ടതുണ്ടെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞതോടെ ലേല നടപടികൾ ആകെ തന്നെ വിവാദത്തിലേക്ക് നീങ്ങി.

21 ലക്ഷം രൂപ വരെ ലേലവില ഉയരുമായിരുന്നു എന്നത് തിരിച്ചറിയാതെ പോയതും ഒരൊറ്റ ആളെ മാത്രം വച്ച് ലേലം നടത്തിയതും ഭരണസമിതി അംഗങ്ങളുടെ തന്നെ വിമർശനത്തിന് ഇടയാക്കി. ലോകം മുഴുവൻ കണ്ടു കൊണ്ട് നടത്തിയ പരസ്യലേലത്തിന് ശേഷവും വാഹനം വിട്ടു കിട്ടില്ലെന്ന് വന്നതോടെ കോടതിയെ സമീപിക്കുമെന്ന് അമൽ മുഹമ്മദലിയും പ്രഖ്യാപിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിൻ്റെ നടപടി സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായതോടെ കൂടുതൽ വിവാദങ്ങൾക്ക് ഇടനൽകാതെ ലേലനടപടി പൂർത്തിയാക്കാൻ ദേവസ്വം ഭരണസമിതിയും തീരുമാനിക്കുകയായിരുന്നു. 

ഇന്ന് ചേർന്ന ദേവസ്വം ഭരണസമിതിയോഗത്തിനിടെ വാഹനത്തിന് 21 ലക്ഷം രൂപ നൽകാൻ സാധിക്കുമോ എന്ന് അമൽ മുഹമ്മദലിയുടെ പ്രതിനിധിയോട് അധികൃതർ ആരാഞ്ഞു. സാധ്യമല്ല എന്നായിരുന്നു അമലിൻ്റെ നിലപാട്. ഇതോടെ കൂടുതൽ ചർച്ചകൾക്ക് നിൽക്കാതെ ലേലം അംഗീകരിക്കാനും ഔദ്യോഗിക അനുമതിക്കായി ദേവസ്വം കമ്മീഷണറെ അറിയിക്കാനും ദേവസ്വം ഭരണസമിതിയോഗം തീരുമാനിക്കുകയായിരുന്നു. 

ലേലനടപടികൾ അംഗീകരിച്ച ഗുരുവായൂർ  ദേവസ്വം ഭരണ സമിതിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് അമൽ മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നതായും ഗുരുവായൂരിൽ എത്തി നേരിട്ട് വാഹനം കൈപ്പറ്റുമെന്നും അമൽ പറഞ്ഞു. മഹീന്ദ്രയുടെ ലിമിറ്റഡ് എഡിഷൻ വാഹനം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശത്തുണ്ടായിരുന്ന അമൽ സുഹൃത്തിനെ വച്ച് ലേലത്തിൽ പങ്കെടുത്തത്. 

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *