ഞാൻ വീട്ടിൽ തന്നെ ഇരിക്കണമെന്നില്ലല്ലോ; മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഇന്ന് പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും

October 27, 2021
125
Views

ന്യൂ ഡെൽഹി: അധികാരത്തർക്കത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്തുവന്ന മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഇന്ന് പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സംസ്ഥാനത്ത് സജീവമാക്കാനാണ് ക്യാപ്റ്റന്റെ നീക്കം.

പാർട്ടി പ്രഖ്യാപനത്തിന്റെ ഭാഗമായി അമരീന്ദർ സിങ് ഇന്ന് ചണ്ഡീഗഢിൽ പത്രസമ്മേളനം വിളിച്ചിട്ടുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസിൽ നിന്ന് പുറത്ത് വന്ന് ദിവസങ്ങൾക്കകം തന്നെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനം അമരീന്ദർ സിങ് നടത്തിയിരുന്നു. തിരഞ്ഞടുപ്പിൽ ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെടുമെന്ന അമരീന്ദറിന്റെ പ്രഖ്യാപനത്തെ ബി.ജെ.പി പഞ്ചാബ് ഘടകം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

‘കോൺഗ്രസ് തീരുമാനിച്ചു ഞാൻ പുറത്ത് പോണമെന്ന്. പക്ഷെ അതുകൊണ്ട് ഞാൻ വീട്ടിൽ തന്നെ ഇരിക്കണമെന്നില്ലല്ലോ. ഇനിയും എനിക്കൊരുപാട് കാര്യങ്ങൾ പഞ്ചാബിനായി ചെയ്യാനുണ്ട്. മൊറാർജി ദേശായി 92ാം വയസ്സിലാണ് പ്രധാനമന്ത്രിയാവുന്നത്. പ്രകാശ് ബാദൽ എന്നേക്കാൾ 15 വയസ്സ് മുതിർന്നയാളാണ്. പിന്നെ ഞാൻ എന്തിന് മാറി നിൽക്കണം’ – സി.എൻ.എൻ ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ അമരീന്ദർ പറഞ്ഞു.

പാർട്ടി മുൻ സംസ്ഥാന പ്രസിഡന്റ് നവ്ജ്യോത് സിങ് സിദ്ധുവിനെതിരേ കടുത്ത ആക്രമണം അഴിച്ചുവിടാനും അമരീന്ദർ മടിച്ചിരുന്നില്ല. സിദ്ധുവിനെ പാർട്ടി പ്രസിഡന്റ് ആക്കിയതോടെയാണ് പഞ്ചാബിലെ കോൺഗ്രസിന്റെ നാശം ആരംഭിച്ചതെന്ന് അമരീന്ദർ പറഞ്ഞു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *