16 വര്‍ഷമായി വിശപ്പും ദാഹവുമില്ല; വെള്ളം പോലും കുടിക്കാതെ ജീവിച്ചിട്ടും യാതൊരു ക്ഷീണവുമില്ല

May 28, 2024
63
Views

വിശപ്പും ദാഹവുമില്ലാത്ത ഒരു യുവതിയുടെ ജീവിതമാണ് ഇപ്പോള്‍ വാർത്തകളില്‍ നിറയുന്നത്. എത്യോപ്യൻ യുവതിയായ മുലുവോർക് അംബൗ എന്ന ഇരുപത്താറുകാരിക്കാണ് കഴിഞ്ഞ 16 വർഷമായി വിശപ്പും ദാഹവുമില്ലാത്തത്.

ഇത്രയും വർഷമായി ഇവർ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുന്നുമില്ല. ആഹാരം കഴിക്കാത്തത് കൊണ്ടുതന്നെ കഴിഞ്ഞ 16 വർഷമായി ഇവർക്ക് ടോയ്ലറ്റ് ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നും യുവതി വെളിപ്പെടുത്തുന്നു. വെള്ളം പോലും കുടിക്കാതെ വർഷങ്ങളോളം ജീവിച്ചിട്ടും യാതൊരു ആരോഗ്യ പ്രശ്നങ്ങളും യുവതിക്കില്ല എന്നതാണ് ഏറെ ശ്രദ്ധേയം.

എന്തുകൊണ്ട് ആഹാരം കഴിച്ചില്ല എന്ന ചോദ്യത്തിന് തനിക്ക് വിശപ്പ് അനുഭവപ്പെട്ടില്ല എന്നാണ് യുവതിയുടെ മറുപടി. 10 വയസ്സുള്ള സമയത്ത് ഒരിക്കല്‍ ലെന്റില്‍ സ്റ്റൂ കഴിച്ചതാണ് ഏറ്റവും ഒടുവില്‍ ഉള്ളില്‍ ചെന്ന ആഹാരം. അതിനുശേഷം വിശക്കുകയോ ദാഹിക്കുകയോ ചെയ്തിട്ടില്ല. ഭക്ഷണം കഴിക്കാത്തതുകൊണ്ട് തന്നെ ഇക്കാലമത്രയും ടോയ്‌ലറ്റും ഉപയോഗിക്കേണ്ടിവന്നില്ല. ഇന്ന് ഇവർ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. താൻ ആഹാരം കഴിക്കാറില്ലെങ്കിലും കുടുംബത്തിനായി പതിവായി ഭക്ഷണം പാകം ചെയ്യാറുണ്ടെന്ന് അംബൗ പറയുന്നു.

ആഹാരം കഴിക്കാതെ ആരോഗ്യത്തോടെ ഇരിക്കുന്ന ഈ അവസ്ഥ പരിശോധനകള്‍ക്കും വിധേയമാക്കപ്പെട്ടിരുന്നു. പല വർഷങ്ങളിലായി ഇന്ത്യ, ഖത്തർ, ദുബായ് തുടങ്ങിയ പലയിടങ്ങളിലെയും ആരോഗ്യവിദഗ്ധർ അംബൗവിനെ പരിശോധിച്ചു. ദഹന വ്യവസ്ഥയില്‍ ഭക്ഷണമോ വെള്ളമോ മാലിന്യങ്ങളോ ഇല്ല എന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ അംബൗവിന് എന്തെങ്കിലും രോഗമുള്ളതായി ഡോക്ടർമാർക്ക് കണ്ടെത്താൻ സാധിച്ചില്ല. എന്നുമാത്രമല്ല യുവതി പൂർണ ആരോഗ്യവതിയാണെന്ന് അവർ വിധിയെഴുതുകയും ചെയ്തു. ഗിന്നസ് റെക്കോർഡ് ജേതാവായ ഡ്രു ബിൻസ്കി അടുത്തയിടെ അംബൗവിനെ സന്ദർശിച്ചിരുന്നു.

ചെറുപ്പകാലത്ത് ഭക്ഷണം കഴിക്കാൻ വീട്ടുകാർ പതിവായി ആവശ്യപ്പെടുമായിരുന്നെന്നും കഴിച്ചു എന്ന് കളവു പറയുകയായിരുന്നു തന്റെ പതിവെന്നും അംബൗ ഡ്രു ബിൻസ്കിയോട് വെളിപ്പെടുത്തി. ഭക്ഷണവും വെള്ളവുമില്ലാതെ ഇക്കാലമത്രയും ആരോഗ്യത്തോടെ ഇരുന്നെങ്കിലും ഗർഭകാലത്ത് ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. ശരീരത്തിന്റെ സ്വാഭാവിക ഊർജം നഷ്ടപ്പെടാതെ നിലനിർത്താൻ ഗ്ലൂക്കോസ് കയറ്റേണ്ടിവന്നു. കുഞ്ഞിന്റെ ജനനശേഷം മുലപ്പാല്‍ നല്‍കാനായില്ല എന്നതാണ് അംബൗ നേരിട്ട മറ്റൊരു പ്രശ്നം. ശരീരം മുലപ്പാല്‍ ഉത്പാദിപ്പിക്കാത്തതുമൂലം കുഞ്ഞിനായി ബദല്‍ മാർഗങ്ങള്‍ തേടിയിരുന്നു. കേള്‍ക്കുമ്ബോള്‍ ആർക്കും വിശ്വസിക്കാനാവാത്ത തരത്തില്‍ 16 കൊല്ലം കഴിഞ്ഞ തനിക്ക് ഇനിയുള്ള കാലവും ജീവിതം ഇതേ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനാകുമെന്ന വിശ്വാസത്തിലാണ് അംബൗ.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *