പുതിയ താമസക്കാരെ ക്ഷണിച്ചു യുകെയിലെ ഉൽവ ദ്വീപ്. ആധുനിക ആഡംബരങ്ങളൊന്നും തന്നെ ഈ ദ്വീപിൽ ഇല്ല എന്നതാണ് ഉൽവ ദ്വീപിന്റെ പ്രത്യേകത. വമ്പൻ കെട്ടിടങ്ങളോ, ഷോപ്പുകളോ, വാഹങ്ങളോ ഇവിടെ കാണാൻ കിട്ടില്ല. ഇവിടുത്തെ ജനസംഖ്യയും കുറവാണ്. അറുന്നൂറോളം പേർ താമസിച്ച ദ്വീപിൽ ഇപ്പോൾ വെറും പതിനൊന്ന് പേരാണ് താമസക്കാരായി ഉള്ളത്. ഏകദേശം 7500 വർഷത്തെ പഴക്കമുണ്ട് ദ്വീപിന്.
2018 ൽ പ്രദേശവാസികളും നോർത്ത് വെസ്റ്റ് മുള്ളിൽ നിന്നുള്ളവരും ദ്വീപിന്റെ വികസനം ലക്ഷ്യമിട്ട് ഈ പ്രദേശം വാങ്ങിക്കുകയായിരുന്നു. പിന്നീടാണ് ഇവിടുത്തെ ജനസംഖ്യയിൽ വ്യത്യാസമുണ്ടായത്. ഇവിടെ പുതുതായി എത്തുന്ന താമസക്കാർക്കായി ഉപേക്ഷിപ്പെട്ട വീടുകൾ പുതുക്കി പണിയുന്ന നടപടികളും ദ്വീപിൽ തുടങ്ങിയിട്ടുണ്ട്. മാത്രവുമല്ല ഒരു വിദ്യാഭ്യാസ കേന്ദ്രവും ഇവിടെ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. സ്റ്റോറസ് ഉൽബ എന്നാണ് ഈ പ്രോജക്ടിന്റെ പേര്. ഈ ദ്വീപിൽ ഇതുവരെ മോട്ടോർ ബൈക്കുകളോ കാറുകളോ എത്തിയിട്ടില്ല. അതുകൊണ്ട് ഇ-കാർഗോ ബൈക്കുകൾ, ഇലക്ട്രോണിക് മൗണ്ടൻ ബൈക്കുകൾ എന്നിവ ഉപയോഗിക്കാനുള്ള നടപടികളും ദ്വീപിൽ ആരംഭിച്ചിട്ടുണ്ട്.