മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന മറ്റ് അഞ്ച് ചിത്രങ്ങളും തിയേറ്ററിലേക്കില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍.
മരക്കാര്‍ സിനിമയുടെ ഒ.ടി.ടി റിലീസ് സ്ഥിരീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആന്റണി പെരുമ്ബാവൂര്‍ മറ്റു സിനിമകളുടെ റിലീസിനെ കുറിച്ചും പ്രതികരിച്ചത്. സംബന്ധിച്ച പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ കൂടാതെ പൃഥ്വിരാജിന്റെ ബ്രോ ഡാഡി , ജീത്തു ജോസഫിന്റെ 12ത്ത് മാന്‍ , ഷാജി കൈലാസിന്റെ എലോണ്‍ , പ്രിയദര്‍ശന്റെ ബോക്സര്‍, ‘പുലിമുരുകന്’ ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി അറിയിച്ചത്.
കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിര്‍മിയ്ക്കുന്ന സിനിമകളാണിത്. ഇവ ഒ.ടി.ടികള്‍ക്ക് മാത്രമെ നല്‍കാനാവൂ. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും തന്റെയും സ്വപ്ന സിനിമയായ മരക്കാറിനോട് ഒരു പറ്റം തിയേറ്റര്‍ ഉടമകള്‍ കാട്ടിയ വഞ്ചനയും പുതിയ സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ് ഫോമിലേക്ക് നല്‍കുന്നതിന് കാരണമായതായി ആന്റണി പെരുമ്ബാവൂര്‍ പറഞ്ഞു.
മരക്കാര്‍ തിയേറ്ററില്‍ കാണണമെന്ന് ഒരുപാട് മോഹിച്ചു. ഇതിനായുള്ള കാത്തിരിപ്പില്‍ തന്നെയായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങള്‍. ദൃശ്യം 2 ഒടിടിയില്‍ റിലീസ് ചെയ്തപ്പോഴും മരയ്ക്കാര്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യണമെന്നു തന്നെയായിരുന്നു ആഗ്രഹം. ഇതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോവുകയും ചെയ്തു. എന്നാല്‍ പല കാരണങ്ങളാലും തീയറ്ററില്‍ റിലീസ് ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്. അവസാന സാദ്ധ്യതകളും പരിശോധിച്ചിരുന്നു. എന്നാല്‍ തിയേറ്റര്‍ ഉടമകളുടെ നിസഹകരണമാണ് കാര്യങ്ങള്‍ തകിടം മറിച്ചതെന്നും ആന്റണി പെരുമ്ബാവൂര്‍ പറഞ്ഞു.