‘പലരും ചോദിച്ചിരുന്നു എന്നാല്‍ വിഐപി അന്‍വര്‍ സാദത്ത് എംഎല്‍എ അല്ല’; വെളിപ്പെടുത്തി ബാലചന്ദ്രകുമാര്‍

January 13, 2022
192
Views

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെടെ പങ്കെടുത്ത വിഐപി അന്‍വര്‍ സാദത്ത് എംഎല്‍എ അല്ലെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ബാലചന്ദ്രകുമാര്‍.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡ് ദിലീപിനെ ഏല്‍പ്പിച്ചത് വിഐപി ആണെന്നതുള്‍പ്പെടെ ബാലചന്ദ്ര കുമാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇയാളുടെ വേഷം ഖദര്‍ മുണ്ടും ഷര്‍ട്ടുമാണെന്നും ഇയാള്‍ ആലുവയിലെ ഉന്നതനാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകനാകാമെന്നും ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ പല സംശയങ്ങളും പലരിലേക്കും ഉയര്‍ന്നിരുന്നു. ഇതില്‍ ഒരാള്‍ ആലുവ എംഎല്‍എയായ അന്‍വര്‍ സാദത്ത് ആയിരുന്നു. എന്നാല്‍ വിഐപി അന്‍വര്‍ സാദത്ത് അല്ലെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് സ്ഥിരീകരിച്ചു.

‘വിഐപി അന്‍വര്‍ സാദത്ത് ആണോ എന്ന് സംശയം ഉയര്‍ന്നിരുന്നു. അതുകൊണ്ടു തന്നെ പല തവണ അദ്ദേഹത്തിന്റെ വീഡിയോ കണ്ടു. അങ്ങനെ അത് അന്‍വര്‍ സാദത്ത് അല്ലെന്ന് ഉറപ്പായി. എന്നാല്‍ വിഐപി രാഷ്ട്രീയക്കാരനാകാം. രാഷ്ട്രീയവും ബിസിനസ്സും ഒരുമിച്ചുകൊണ്ടുപോകുന്ന ഒരു ഉന്നതന്റെ പേരും ചിത്രവും പൊലീസ് കാണിച്ചു, അതുസംബന്ധിച്ച വിവരങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.’ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തി.

വിഐപിയാണ് വീഡിയോ അവിടെ എത്തിച്ചതെന്നും അത് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ കണ്ടുവെന്നതുമാണ് ബാലചന്ദ്ര കുമാര്‍ നല്‍കിയ മൊഴി. അന്വേഷണത്തിന്റെ ഭാഗമായി ചില ശബ്ദരേഖകളും ഫോട്ടോകളും പൊലീസ് കാണിച്ചുവെന്നും ഇതില്‍ ഒരു ഫോട്ടോ കണ്ടപ്പോള്‍ അദ്ദേഹമായിരിക്കാമെന്ന് താന്‍ പറഞ്ഞതായും ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കിയിരുന്നു. നാല് വര്‍ഷം മുമ്ബ് നടന്ന സംഭവമാണ്. ഒരിക്കല്‍ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത് അദ്ദേഹം എന്റെ അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുംമെന്നും പൊലീസ് ഫോട്ടോ കാണിച്ചപ്പോള്‍ അത് അദ്ദേഹമാണെന്ന് സ്ഥിരീകരിച്ചെന്നും ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി. കാവ്യ മാധവന്‍ അദ്ദേഹത്തെ ‘ഇക്ക’ എന്നാണ് വിളിച്ചത്. അദ്ദേഹം വന്നിരുന്നിരുന്നപ്പോള്‍ എല്ലാവര്‍ക്കും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ടെന്നും അത് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബാലചന്ദ്ര കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറികാര്‍ഡ് ദിലീപിന് കൈമാറിയതില്‍ ഒരു ഉന്നതന് പങ്കുണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാര്‍ നേരത്തെ റിപ്പോര്‍ട്ടര്‍ ടിവിയോട് നടത്തിയ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടര്‍ അന്വേഷണത്തിന് കോടതി അനുമതി നല്‍കിയത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു കെ പൗലോസ് അടക്കമുള്ള അഞ്ച് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇദ്ദേഹം ദിലീപിനൊപ്പം കൂട്ടുപ്രതിയാണ്. എന്നാല്‍ കേസില്‍ രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആറിലും ഇദ്ദേഹത്തിന്റെ പേരില്ല അജ്ഞാതനായ ആള്‍ എന്നാണുള്ളത്. ഇത് വിഐപിയുടെ പേര് അന്വേഷണ സംഘം പുറത്തു വിടാത്തതല്ല ആളെ കണ്ടെത്താനാവത്ത് തന്നെയാണെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ വിഐപി ആരെന്ന് ഉറപ്പിക്കത്തക്ക വിധത്തിലുള്ള തെളിവ് ശേഖരണത്തിലാകാം അന്വേഷണ സംഘം ഉള്ളതെന്നും കരുതേണ്ടതായി വരും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *