ആധികാരിക രേഖകളുമായി വന്നാലേ മുന്നോട്ട് പോകാനാകൂ: എ.ആർ നഗർ ബാങ്ക് സംബന്ധിച്ച് കെ.ടി ജലീൽ പറയുന്നത്പ്രകാരം നടപടിയെടുക്കാനാവില്ലെന്ന് മന്ത്രി വിഎൻ വാസവൻ

November 19, 2021
133
Views

കോഴിക്കോട്: എ.ആർ നഗർ ബാങ്ക് സംബന്ധിച്ച് മുൻമന്ത്രി കെ.ടി ജലീൽ പറയുന്നതനുസരിച്ച് നടപടിയെടുക്കാൻ സർക്കാരിനാവില്ലെന്ന് മന്ത്രി വിഎൻ വാസവൻ. ആധികാരിക രേഖകളുമായി വന്നാലേ മുന്നോട്ട് പോകാനാകൂവെന്നും പുറത്ത് വിട്ട രേഖകൾ ഇൻകം ടാക്‌സ് നൽകിയതാണെന്നാണ് ജലീൽ എന്നോട് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. എ.ആർ നഗർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടും സർക്കാറിന്റെ കൈയിലില്ലെന്നും സഹകരണ മേഖലയെ തകർക്കാൻ ആദായ നികുതി വകുപ്പ് ശ്രമിക്കുന്നുണ്ടെന്നും വാസവൻ പറഞ്ഞു. ഇതിനായി അനാവശ്യമായ ഇടപെടൽ നടത്തുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കുഞ്ഞാലിക്കുട്ടിക്ക് സഹകരണ ബാങ്കിൽ വൻ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ.ടി ജലീൽ ആരോപിച്ചിരുന്നു. വേങ്ങരയിലെ എ.ആർ.നഗർ സഹകരണ ബാങ്കിലാണ് കുഞ്ഞാലിക്കുട്ടി കോടികൾ ബിനാമി പേരിൽ നിക്ഷേപിച്ചതായി ജലീൽ ആരോപിച്ചത്. യു.ഡി.എഫിന്റെ ആഭിമുഖ്യത്തിലുള്ള ഡയറക്ടർ ബോർഡ് ഭരിക്കുന്ന സഹകരണ ബാങ്കാണ് എ.ആർ.നഗറിലേത്. കുഞ്ഞാലിക്കുട്ടിയുടെ വരുതിയിൽ നിൽക്കുന്നവർ മാത്രം കൈയാളുന്ന സ്ഥാപനമാണ് എ.ആർ നഗർ ബാങ്കെന്നും, ബാങ്കിൽ വ്യാജനിക്ഷേപം ധാരാളമുണ്ടെന്നും ജലീൽ ആരോപിച്ചു.

ആളുകളില്ലാത്ത നിക്ഷേപം മുഴുവൻ പികെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്ന സമയത്ത് ഉണ്ടാക്കിയതാണെന്നും ഇതുസംബന്ധിച്ച തെളിവുകളാണ് പുറത്തുവരുന്നതെന്നും ജലീൽ പറഞ്ഞു. ‘600 കോടിയിലധികം രൂപയുടെ കള്ളപ്പണം ഇവിടെയുണ്ട്. എക്സിക്യൂട്ടീവ് ഡയറക്ടറായ ഹരികുമാറാണ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരൻ. ഒരു അംഗനവാടി ടീച്ചർ ഇതിനോടകം പൊലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. ഈ ടീച്ചറുടെ പേരിൽ ഏകദേശം 80 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഇതെല്ലാം കുഞ്ഞാലിക്കുട്ടിയുടെ പണമാണ്’ അദ്ദേഹം ആരോപിച്ചു.

എന്നാൽ എ.ആർ സഹകരണബാങ്ക് തട്ടിപ്പ് കേസ് ഇ.ഡി അന്വേഷിക്കണമെന്ന കെ.ടി ജലീലിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയിരുന്നു. കേരളത്തിലെ സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ടതില്ല. സാധാരണ ഗതിയിൽ ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ് ജലീൽ ഉന്നയിച്ചത്. ഇ.ഡി ചോദ്യം ചെയ്ത ശേഷം ജലീലിന് ഇ.ഡിയിൽ വിശ്വാസം വർധിച്ചിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസ്തുത വിഷയത്തിൽ സഹകരണവകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും നിലവിൽ ഹൈക്കോടതി സ്റ്റേ ഉള്ളതിനാലാണ് മുന്നോട്ടുപോകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെയുള്ള അന്വേഷണ ഏജൻസികൾ കൃത്യമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 110 കോടിയോളം രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ബാങ്കിൽ നിന്ന് സെക്രട്ടറി പദവിയിൽ വിരമിച്ചയാൾ പിറ്റേന്ന് തന്നെ ഡയറക്ടർ ആയി ചുമതല ഏറ്റെടുത്തതോടെയാണ് ബാങ്കിൽ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

2018 ൽ തന്നെ ബാങ്കിൽ ബിനാമി നിക്ഷേപങ്ങളും ഇടപാടുകളും നടന്നതായി സഹകരണവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അന്നത്തെ ബാങ്ക് സെക്രട്ടറി സ്വന്തം പേരിലുണ്ടാക്കിയ അക്കൗണ്ടിലൂടെ 12 കോടിയുടെ ഇടപാട് നടത്തിയതായും ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ ഉദ്യോഗസ്ഥൻ 17 കോടിയോളം രൂപയുടെ വഴിവിട്ട ഇടപാട് നടത്തിയതായി സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *