പ്രമേഹ അസുഖം മൂലം ബുദ്ധിമുട്ടുന്ന അരവിന്ദ് കെജ്‌രിവാളിന് ചികിത്സ നിഷേധിച്ച് ആരോഗ്യനില അപകടത്തിലാക്കി മരണത്തിലേക്ക് തള്ളിവിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി.
പ്രമേഹം ടൈപ്പ് 2 രോഗമുള്ള കെജ്‌രിവാളിന് ജയിലില്‍ ഇന്‍സുലിന്‍ നിഷേധിച്ചെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്ടറെ കാണാന്‍ അപേക്ഷ നല്‍കിയിട്ടും അനുമതി നല്‍കിയില്ലെന്നും പാര്‍ട്ടി വക്താവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സൗരഭ് ഭരദ്വാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘അരവിന്ദ് കെജ്‌രിവാളിനെ സാവധാനം മരണത്തിലേക്കു തള്ളിവിടുന്നതിന് ഗൂഢാലോചന നടക്കുന്നുണ്ട്. പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെയാണ് ഞാന്‍ ഇത് പറയുന്നത്.’ കെജ്‌രിവാളിന്റെ പ്രമേഹ റിപ്പോര്‍ട്ട് ചൂണ്ടി കാട്ടി സൗരഭ് ഭരദ്വാജ് പറഞ്ഞു. ‘കഴിഞ്ഞ 20 വര്‍ഷത്തിലധികമായി പ്രമേഹ രോഗ ബാധിതനായ കെജ്‌രിവാളിന് ഇന്‍സുലിന്‍ നല്‍കുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. കെജ്‌രിവാളിന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ്ണ ഉത്തരവാദി കേന്ദ്രസര്‍ക്കാറും ബിജെപിയും തീഹാര്‍ ജയില്‍ അധികൃതരുമായിരിക്കും.’ അദ്ദേഹത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്!വിയും പറഞ്ഞു.
പ്രമേഹ രോഗിയായ അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ രോഗം വര്‍ധിപ്പിക്കുന്ന ഭക്ഷണസാധനങ്ങള്‍ മനഃപൂര്‍വം കഴിക്കുന്നതായി നേരത്തെ എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് വ്യാഴാഴ്ച്ച കോടതിയില്‍ ആരോപിച്ചിരുന്നു. മാമ്ബഴം, മധുരപലഹാരങ്ങള്‍ തുടങ്ങിയ കൂടുതല്‍ അളവില്‍ കഴിച്ച് പ്രമേഹം വര്‍ധിപ്പിച്ച് ആരോഗ്യനില വഷളാണെന്ന് കാണിച്ച് ജാമ്യം നേടിയെടുക്കാനാണ് കെജ്‌രിവാള്‍ ശ്രമിക്കുന്നതുവെന്നും ഇഡി വാദിച്ചിരുന്നു.
എന്നാല്‍ തന്റെ ഭക്ഷണം പോലും രാഷ്ട്രീയവല്‍ക്കരിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും തരംതാണ നീക്കമാണിതെന്നും അരവിന്ദ് കേജ്‌രിവാള്‍ കോടതിയില്‍ പറഞ്ഞു. ഡോക്ടര്‍ നിര്‍ദേശിച്ച ഭക്ഷണക്രമമാണ് താന്‍ പിന്തുടരുന്നതെന്നും ജയിലില്‍ ഇന്‍സുലിന്‍ എടുക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.