ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാര്യ സുനിത കെജ്‌രിവാള്‍- കഴിഞ്ഞ മാസം ഇന്ത്യാ മുന്നണിയുടെ റാലികളില്‍ തീപ്പൊരി പ്രസംഗങ്ങളുമായി സജീവമായിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണം ആം ആദ്മി പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത നേതൃത്വം നല്‍കും.
ഇന്ന് കിഴക്കൻ ഡല്‍ഹി മണ്ഡലത്തില്‍ റോഡ് ഷോ നടത്തി അവർ പ്രചാരണം ആരംഭിക്കുമെന്ന് മന്ത്രി അതിഷി അറിയിച്ചു. പശ്ചിമ ഡല്‍ഹിയിലും റോഡ് ഷോ നടത്തും. പഞ്ചാബ്, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിലും സുനിത പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് അതിഷി പറഞ്ഞു.
മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസമാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ജയിലില്‍ നിന്ന് സർക്കാരിനെ നയിക്കുന്നതില്‍ നിന്ന് ഒരു നിയമവും തടയുന്നില്ലെന്ന് ആം ആദ്മി പാർട്ടിയുടെ അറസ്റ്റിന് ശേഷവും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുന്നു.
അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ശേഷം ആം ആദ്മി പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കാൻ ആദ്യമായാണ് സുനിത കെജ്രിവാള്‍ എത്തുന്നത്. മന്ത്രിമാർക്കും പൊതുജനങ്ങള്‍ക്കുമുള്ള അരവിന്ദ് കെജ്രിവാളിന്റെ സന്ദേശങ്ങള്‍ കൈമാറാനാണ് സുനിത ഇതുവരെ എത്തിയത്. കോണ്‍ഗ്രസ് സഖ്യത്തില്‍ ഡല്‍ഹിയില്‍ നാലു സീറ്റുകളിലാണ് ‘ആപ്’ മത്സരിക്കുന്നത്.
ആദായനികുതി വകുപ്പില്‍ നിന്നും വിരമിച്ച മുൻ ഇന്ത്യൻ റവന്യൂ സർവീസസ് ഉദ്യോഗസ്ഥയാണ് സുനിത കെജ്രിവാള്‍. 2016-ല്‍ അവർ സ്വമേധയാ വിരമിച്ചു. ഡല്‍ഹിയിലെ ഇൻകം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലില്‍ ആദായനികുതി കമ്മീഷണറായിരിക്കെയാണ് വിരമിച്ചത്.